ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ബെഡുകൾ സജ്ജമാക്കി തൃശൂർ കോർപറേഷൻ.

സെൻട്രലൈസ്ഡ് ഓക്സിജൻ ബെഡുകളുടെ പ്രവർത്തനോദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു.

തൃശ്ശൂർ:

കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിൽ ആശ്വാസമായി ജില്ലാ ആശുപത്രിയിൽ രോഗികള്‍ക്കായി പുതിയ 76 ഓക്സിജന്‍ ബെഡ്ഡുകള്‍ സജ്ജമാക്കി തൃശൂർ കോർപറേഷൻ. സെൻട്രലൈസ്ഡ് ഓക്സിജൻ ബെഡുകളുടെ പ്രവർത്തനോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികളാണ് കോർപ്പറേഷൻ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. എഞ്ചീനീയറിങ്, ഹെല്‍ത്ത്, ഇലക്ട്രിസിറ്റി എന്നീ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമം കൊണ്ട് സമയബന്ധിതമായി ഓക്സിജൻ ബെഡുകൾ ഒരുക്കാൻ കഴിഞ്ഞത് ഇതിനുദാഹരണമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

74 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ 76 സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ ബെഡ്ഡുകളും ഒരേസമയം 10 സിലിണ്ടറുകളില്‍ നിന്നും ഓക്സിജന്‍ ലഭ്യമാക്കാവുന്ന യൂണിറ്റും നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നിലവിലുണ്ടായിരുന്ന 15 ഓക്സിജന്‍ ബെഡുകള്‍ക്ക് പുറമേയാണ് 76 ബെഡുകള്‍ സജ്ജമാക്കിയത്. 3 നിലകളിലായി പ്രവര്‍ത്തിക്കുന്ന കൊവിഡ് ബ്ലോക്കില്‍ ഇതോടെ 91 രോഗികള്‍ക്ക് ഒരേസമയം ഓക്സിജന്‍ ബെഡുകള്‍ ലഭ്യമാകും.

മേയർ എം കെ വർഗീസ്, പി ബാലചന്ദ്രന്‍ എം എൽ എ, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി കെ ഷാജന്‍, വര്‍ഗ്ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍മാരായ സി പി പോളി, സജിത ഷിബു, പൂര്‍ണ്ണിമ സുരേഷ്, എന്‍ പ്രസാദ്, ഡി എം ഒ കെ ജെ റീന, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.

Related Posts