ജൂൺ ഒന്നു മുതൽ ആഭ്യന്തര വിമാനടിക്കറ്റ് നിരക്ക് കൂടും.

13 ശതമാനം മുതൽ 15 ശതമാനം വരെയായിരിക്കും വർധന.

ന്യൂഡൽഹി:

കൊവിഡ് കാരണം എയർലൈൻസുകളിൽ അനുവദനീയമായ പരമാവധി സീറ്റുകളുടെ എണ്ണം 80 ശതമാനത്തിൽ നിന്ന് 50 ആയി കുറച്ചതിനെത്തുടർന്ന് ജൂൺ ഒന്നു മുതൽ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കൂടും. 13 ശതമാനം മുതൽ 15 ശതമാനം വരെയായിരിക്കും വർധന. കഴിഞ്ഞ കൊല്ലത്തെ ദേശീയ അടച്ചിടലിനുശേഷം വിമാനയാത്ര അനുവദിച്ചപ്പോൾ തുടക്കത്തിൽ 33 ശതമാനം സീറ്റുകളിലാണ് യാത്ര അനുവദിച്ചിരുന്നത്. കഴിഞ്ഞ കൊല്ലം ഡിസംബർ വരെ അത് തുടർന്നു. പിന്നീട് 80 ശതമാനം സീറ്റുകളിൽ യാത്രക്കാരെ അനുവദിച്ചു. ഇപ്പോൾ വീണ്ടും 50 ശതമാനം ആയി കുറച്ചതിനെത്തുടർന്നാണ് വിമാന ടിക്കറ്റ് നിരക്ക് കൂട്ടിയത്. യാത്രാ സമയത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സ്ലാബുകൾ നിശ്ചയിച്ചാണ് നിലവിൽ നിരക്ക് ഈടാക്കുന്നത്. ഓരോ സ്ലാബിന്റെയും മിനിമം നിരക്കിലാണ് ഇപ്പോൾ വർധന വരുത്തിയത്. 40 മിനിറ്റുള്ള യാത്രയ്ക്ക് നിലവിൽ കുറഞ്ഞ നിരക്ക് 2300 രൂപയാണ്. അത് 2600 ആകും. 40 മിനിട്ട് മുതൽ 60 മിനിട്ടുവരെയുള്ള രണ്ടാം സ്ലാബിലെ കുറഞ്ഞ നിരക്ക് 2900 രൂപയിൽനിന്ന് 3300 ആകും.

Related Posts