ജൽജീവൻ മിഷൻ പദ്ധതി ഓരോ മാസത്തിലും വിലയിരുത്തണമെന്ന് ജല വിഭവമന്ത്രി ഗജേന്ദ്രസിങ്.
ജൽജീവൻ മിഷൻ പദ്ധതിക്ക് കേരളത്തിന് 1804 കോടിരൂപ.
ന്യൂഡൽഹി:
ജൽജീവൻ മിഷൻ പദ്ധതി ഊർജിതമാക്കാൻ കേരളത്തിന് ഇക്കൊല്ലം 1804 കോടിരൂപ അനുവദിച്ച് കേന്ദ്രം. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്ന ഉദ്ദേശത്തോടെ 2021-22 വർഷത്തേക്കാണ് ഈ തുക വിനിയോഗിക്കുക. കഴിഞ്ഞ സാമ്പത്തികവർഷം അനുവദിച്ചത് 404.24 കോടിയായിരുന്നു.
ജൽജീവൻ മിഷൻ പദ്ധതി ഓരോ മാസത്തിലും വിലയിരുത്തണമെന്ന് ജലവിഭവമന്ത്രി ഗജേന്ദ്രസിങ് ഷെക്കാവത്ത് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ അഭ്യർഥിച്ചു.
2024 ഓടെ എല്ലാ വീടുകളിലും പൈപ്പുവെള്ളം എത്തിക്കാനുള്ള പദ്ധതി സംസ്ഥാനത്ത് ഇഴഞ്ഞു നീങ്ങുകയാണ്. എല്ലാവർക്കും പൈപ്പു വെള്ളം പദ്ധതി നടപ്പാക്കുന്നതിൽ കേരളം വളരെ പുറകിലാണ്. 2019 ഓഗസ്റ്റ് 15-ന് പദ്ധതി തുടങ്ങുമ്പോൾ സംസ്ഥാനത്തെ 67.14 ലക്ഷം വീടുകളിൽ 16.64 ലക്ഷത്തിലേ പൈപ്പുവെള്ളം എത്തിയിരുന്നുള്ളൂ.
22 മാസങ്ങൾക്കിടയിൽ 6.36 ലക്ഷം വീടുകളിൽ കൂടി വെള്ളമെത്തിക്കാനായി. എങ്കിലും ഈ സംഖ്യ ദേശീയ ശരാശരിയെക്കാൾ കുറവാണ്. ദേശീയതലത്തിൽ ഇക്കാലത്തെ വർധന 22 ശതമാനമാണെങ്കിൽ കേരളത്തിൽ പത്തു ശതമാനമാണ്.