ഞെരുവിശ്ശേരി - ആറാട്ടുപുഴ ക്ഷേത്രം റോഡ് തുറന്നു.

വല്ലച്ചിറ:

വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ ഞെരുവിശ്ശേരി ആറാട്ടുപുഴ ക്ഷേത്രം റോഡ് പുനർനിർമാണം പൂർത്തീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. റോഡിന്റെയും അനുബന്ധ പ്രവൃത്തികളുടെയും ഉദ്ഘാടനം എം എൽ എ കെ കെ രാമചന്ദ്രൻ നിർവഹിച്ചു. വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മനോജ് എൻ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം ചെലവഴിച്ചാണ് റോഡ് പുനർനിർമാണം പൂർത്തിയാക്കിയത്. വല്ലച്ചിറ ഗ്രാമ പഞ്ചായത്തിലെ 6, 7 വാർഡുകളിൽ ഉൾപ്പെടുന്നതാണ് പ്രസ്തുത റോഡ്. 1640 മീറ്റർ നീളമുള്ള റോഡിന്റെ കൂടുതൽ കേട് വന്ന ഭാഗങ്ങളിൽ വെറ്റ് മിക്സ്‌ മെക്കാടം ചെയ്തതിന് ശേഷം റീടാറിങ് നടത്തി. 537 മീറ്റർ നീളത്തിൽ കാനയും,1 കൾവൾട്ടും, 2 ക്രോസ്സ് ഡ്രൈനേജുകളുമാണ്  പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയത്.

ഞെരുവിശ്ശേരി സെൻ്ററിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോജി പോൾ റിപ്പോർട്ട് അവതരിപ്പിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സോഫി ഫ്രാൻസിസ്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വനജ ബാബു, സെക്രട്ടറി ഡോ ടി എൻ ബിന്ദു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ശങ്കരനാരായണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വിവിധ വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാർ, ഒന്നാം വാർഡ് മെമ്പർ സി ആർ മദനമോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

Related Posts