പഞ്ചായത്ത് സേവങ്ങളെല്ലാം വിരല്‍ തുമ്പില്‍ ലഭ്യമാക്കി ടച്ച് ഫോര്‍ അന്നമനട ഗ്രാമപഞ്ചായത്ത്.
ടച്ച് ഫോര്‍ അന്നമനട' മൊബൈല്‍ ആപ്പുമായി അന്നമനട പഞ്ചായത്ത്.
മാള :
പഞ്ചായത്ത് സേവങ്ങളെല്ലാം വിരല്‍തുമ്പില്‍ ലഭ്യമാക്കി ടച്ച് ഫോര്‍ അന്നമനട എന്ന മൊബൈല്‍ ആപ്പുമായി അന്നമനട ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് സേവനങ്ങളെയെല്ലാം വിരല്‍ത്തുമ്പിലൊതുക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍റെ ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്ത് ആദ്യമായി പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ മൊബൈല്‍ ആപ്പ് വഴി നല്‍കിയ അന്നമനട ഗ്രാമപഞ്ചായത്ത് മാതൃകാപരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിനാകെ അനുകരിക്കാവുന്ന സേവനമാണ് അന്നമനട പഞ്ചായത്ത് സ്വന്തമായി ആവിഷ്ക്കരിച്ച് നടപ്പാക്കിയത്. കൊവിഡ് കാലഘട്ടത്തില്‍ പഞ്ചായത്ത് ഓഫീസുകളിലേക്ക് എത്താന്‍ പൊതുജനങ്ങള്‍ക്ക് പ്രയാസം നേരിടുന്നത് തിരിച്ചറിഞ്ഞാണ് സേവനം വിരല്‍ തുമ്പിലേക്ക് എത്തിച്ചതെന്നും അതിനു നേതൃത്വം നല്‍കിയ പഞ്ചായത്തിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആന്‍ട്രോയിഡ് മൊബൈല്‍ ഫോണുള്ള ഏതൊരാള്‍ക്കും പ്ലേ സ്റ്റോറില്‍ നിന്നും ടച്ച് ഫോര്‍ അന്നമനട എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. സേവനങ്ങളും രേഖകകളും, മെമ്പര്‍മാരുടെ വിവരങ്ങള്‍, ബ്ലഡ് ബാങ്ക് വിവരങ്ങള്‍, മറ്റ് പ്രധാന നമ്പറുകള്‍ എന്നിവയാണ് ആപ്പ് തുറക്കുമ്പോള്‍ തന്നെ കാണുന്ന പ്രധാന ഐക്കണുകള്‍. ഇതില്‍ നിന്നും ആവശ്യമായവ തിരഞ്ഞെടുത്ത് നമുക്ക് വേണ്ട സേവനങ്ങള്‍ ഉറപ്പാക്കാം. ഇതില്‍ സേവനങ്ങള്‍ എന്ന ഐക്കണില്‍ ടച്ച് ചെയ്താല്‍ പഞ്ചായത്ത് ഫ്രണ്ട് ഓഫീസില്‍ ലഭ്യമായ സേവനങ്ങളുടെ വലിയൊരു പട്ടിക തന്നെ ലഭിക്കും. വിവാഹ സര്‍ട്ടിഫിക്കറ്റ്, ജനന മരണ രജിസ്ട്രേഷന്‍, കെട്ടിട നിര്‍മ്മാണ എന്‍ ഒ സി, കെട്ടിട നമ്പര്‍ ലഭിക്കുന്നതിനുള്ള പെര്‍മിറ്റ് തുടങ്ങിയ നാല്‍പതോളം സേവനങ്ങള്‍ ഇനി മുതല്‍ അന്നമനടക്കാര്‍ക്ക് ഒറ്റ ടച്ചില്‍ ലഭിക്കും.
എം പി ബെന്നി ബെഹനാന്‍, എം എല്‍ എ അഡ്വ വി ആര്‍ സുനില്‍കുമാര്‍,
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ഡേവിസ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യ നൈസന്‍, വൈസ് പ്രസിഡന്‍റ് ഒ സി രവി, അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി വി വിനോദ്, വൈസ് പ്രസിഡന്‍റ് ടെസി ടൈറ്റസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി കെ സതീശന്‍, സിന്ധു ജയന്‍, കെ എ ഇക്ബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.