ടി പി ആര്‍ കുറയ്ക്കാന്‍ ആലോചനാ യോഗം.
തൃശൂർ: ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി കുറയ്ക്കുന്നതിന് സ്പെഷ്യല്‍ കൊവിഡ് ഓഫീസര്‍ ഡോ.എസ് കാര്‍ത്തികേയന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ആലോചനാ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. സാമൂഹ്യ വ്യാപന തോത് കുറയ്ക്കുകയെന്നതാണ് ലക്ഷ്യം.
അടുത്ത ഒരാഴ്ചകാലം പൊതുജനങ്ങളുടെ ഇടയില്‍ കൂടുതലായി ടെസ്റ്റുകള്‍ നടത്തണം. ഒരു വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ മറ്റ് അംഗങ്ങള്‍ക്ക് പരിശോധന നടത്തുന്നതിനൊപ്പം തന്നെ ആ പ്രദേശത്തെ മറ്റിടങ്ങളിലും വ്യാപകമായി ടെസ്റ്റുകള്‍ നടത്തണം. ഓട്ടോറിക്ഷ തൊഴിലാളികള്‍, തൊഴിലുറപ്പ്, വ്യാപര സ്ഥാപനങ്ങള്‍, പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍, കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുള്ള മറ്റ് പ്രദേശങ്ങള്‍ എന്നിവടങ്ങളിലെല്ലാം ടെസ്റ്റുകള്‍ കൂടുതലായി നടത്തണം. നിരീക്ഷണത്തിലിരിക്കുന്നവര്‍ കൊവിഡ് നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണം. വ്യാപര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, കൂടുതല്‍ ആളുകളുള്ള പ്രദേശങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങിയവരില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണം.
പരിശോധന നടത്തുന്നതില്‍ പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണം. പരിശോധന കൂടുതലായി നടന്നാല്‍ മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി കുറയ്ക്കാനായി സാധിക്കൂ. നിലവില്‍ എ, ബി കാറ്റഗറിയിലുള്ള പഞ്ചായത്തുകളുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാവുന്നതാണ്. സി, ഡി കാറ്റഗറിയില്‍ നിന്ന് പഞ്ചായത്തുകള്‍ എ, ബി കാറ്റഗറിയിലേക്ക് മാറേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. എങ്കില്‍ മാത്രമാണ് സാധാരണനിലയിലേക്ക് ജീവിത സാഹചര്യം മാറ്റാന്‍ സാധിക്കൂ. ലഭ്യമാകുന്ന ഡോസുകളുടെ അടിസ്ഥാനത്തിലാണ് വാക്സിനേഷന്‍ പുരോഗമിക്കുന്നത്. പരമാവധി വേഗത്തില്‍തന്നെ ലഭ്യമാകുന്ന വാക്സിന്‍ എല്ലാവരിലേക്കും എത്തിക്കും. കൊവിഡ് പ്രതിരോധങ്ങളില്‍ പ്രധാനമാണ് മാസ്‌ക് ധരിക്കുകയെന്നത്. മാസ്‌ക് ധരിച്ചുതന്നെ മറ്റുള്ളവരുമായി ഇടപെടല്‍ നടത്തുക. തീരദേശം, മലയോര മേഖല തുടങ്ങിയ ഇടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. ആരോഗ്യ വകുപ്പിന്റെയും പൊലിസിന്റെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ഡോ. എസ് കാര്‍ത്തികേയന്‍ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി കുറവുള്ള പഞ്ചയാത്തുകളിലെല്ലാം കൊവിഡ് പരിശോധനകളുടെ എണ്ണം കൂടുതലായി നടത്തുന്നുണ്ടെന്നും പോസിറ്റിവിറ്റി കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും യോഗം വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.