ഡിസ്പോസിബിള്‍ കള്‍ച്ചര്‍ ഭൂമിയ്ക്ക് ആഘാതമുണ്ടാക്കുന്നു; മന്ത്രി ആര്‍ ബിന്ദു.
തൃശൂർ:
ഉപയോഗിച്ച് വലിച്ചെറിയുക എന്ന രീതിയില്‍ ശീലിച്ചുവരുന്ന ഡിസ്പോസിബിള്‍ കള്‍ച്ചര്‍ ഭൂമിയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. തെറ്റായ സംസ്‌കാരത്തിന്റെയും വികസന താല്‍പര്യങ്ങളുടെയും കടന്നുവരവാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുന്നതെന്നും മന്ത്രി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ മന്ത്രി ഫലവൃക്ഷത്തൈകള്‍ നട്ടു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളിയ്ക്ക് മന്ത്രി ഫലവൃക്ഷത്തൈ നൽകി. കായ്ഫലങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് തൈകള്‍ നട്ടത്. മാവ്, പ്ലാവ്, നെല്ലി, റമ്പൂട്ടാന്‍, ആത്തച്ചക്ക തുടങ്ങി ഫലഘക്ഷത്തൈകളാണ് നട്ടത്.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ചന്ദ്രന്‍, കാറളം പഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേംരാജ് മറ്റ് ജനപ്രതിനിധികൾ എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹനന്‍ വലിയാട്ടില്‍ സ്വാഗതവും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജി മുരളീധരമേനോന്‍ നന്ദിയും പറഞ്ഞു.