ഡൽഹിയിൽ ലോക്ക്ഡൗൺ.

ഡൽഹിയിൽ ഇന്ന് രാത്രി മുതൽ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

ന്യൂഡൽഹി:

കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ ഒരാഴ്‌ചത്തെ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് അർദ്ധ രാത്രി മുതൽ അടുത്ത തിങ്കളാഴ്‌ചവരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷണം, ചികിത്സ എന്നിവയടക്കമുള്ള അവശ്യ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാവില്ല. എല്ലാ സ്വകാര്യ ഓഫീസുകളിലെയും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലിചെയ്യണം. സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സേവനങ്ങള്‍ക്കുള്ള ഓഫീസുകളും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. വിവാഹ ചടങ്ങുകളില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. ഇതിനായി പ്രത്യേകം പാസുകള്‍ വിതരണം ചെയ്യുമെന്നും കെജ്‌രിവാൾ വ്യക്തമാക്കി. നിലവില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഉണ്ട്. രോഗവ്യാപന നിരക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർധിച്ചുവരികയാണ്. ഞായറാഴ്ച 25,462 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആശുപത്രികളിലെ 90 ശതമാനം കിടക്കകളും നിറഞ്ഞു. തീവ്രപരിചരണ വിഭാഗങ്ങളിൽ 100 കിടക്കകൾ മാത്രമാണ് ഒഴിവുള്ളത്. ഇത്തരത്തിൽ മുന്നോട്ടുപോയാൽ സ്ഥിതി ദയനീയമാകും. ലോക്ഡൗണിന്റെ ദിവസങ്ങളിൽ കൂടുതൽ കിടക്കകൾ തയ്യാറാക്കാനും ഓക്സിജൻ മരുന്നുകൾ തുടങ്ങിയവ ഒരുക്കുന്നതിനും സമയം ഉപയോഗപ്പെടുത്തും. ഒരാഴ്ചയ്ക്കു ശേഷം ലോക്ഡൗൺ നീട്ടേണ്ടിവരില്ലെന്നാണ് കരുതുന്നത്. സർക്കാർ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

.

Related Posts