തെക്കുംപാടം തോടിന്റെ ബണ്ട് പൊളിച്ച ഭാഗത്ത് ക്വാറി വേസ്റ്റ് നിറച്ച ചാക്കുകൊണ്ട് താൽക്കാലിക ബണ്ട്.

പാണഞ്ചേരി:

പാണഞ്ചേരിയിൽ ഗ്യാസ് പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനായി തെക്കുംപാടം തോടിന്റെ ബണ്ടുകൾ പൊളിച്ച ഭാഗത്ത് ക്വാറി വേസ്റ്റ് നിറച്ച ചാക്കുകൾ നിരത്തി താൽക്കാലിക ബണ്ട് നിർമിക്കുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് ഏകദേശം 10 മീറ്ററോളം ദൂരത്തിലാണ് താൽക്കാലികമായി ബണ്ടു കെട്ടുന്നത്. മഴ മാറിയാൽ തോടിന്റെ ബണ്ട് കല്ല് കെട്ടി പാർശ്വഭിത്തി സുരക്ഷിതമാക്കുമെന്ന് അധികൃതർ അറിയിച്ചു. പൈപ്പ് ലൈൻ സ്ഥാപിക്കാനായി പൊളിച്ച നാല് റോഡുകളുടെ പാർശ്വഭിത്തി നിർമാണവും മറ്റ് അറ്റകുറ്റപ്പണികളും പൂർത്തിയാക്കുമെന്നും കമ്പനി അധികൃതർ പറഞ്ഞു. ഇതു സംബന്ധിച്ച് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രനുമായി കെ എസ് പി പി എൽ അധികൃതർ നടത്തിയ ചർച്ചയിൽ ധാരണയായി. 

കൊച്ചി സേലം ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാനായി തോടിന് കുറുകെ ട്രഞ്ച് താഴ്ത്തിയിരുന്ന ഭാഗത്ത് കഴിഞ്ഞ ജൂലൈ 10 ന് ശനിയാഴ്ച ബണ്ട് തകർന്ന് പ്രദേശം വെള്ളക്കെട്ടിലായിരുന്നു. ഇതു സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്  മന്ത്രി കെ. രാജൻ കെ എസ് പി പി എൽ അധികൃതരുമായി ബന്ധപ്പെട്ട് തോടിന്റെ ബണ്ട് പുനർനിർമിക്കണമെന്ന് നിർദ്ദേശം നൽകുകയായിരുന്നു. ഇതിനെ തുടർന്ന് താൽക്കാലിക ബണ്ടുനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി കെ എസ് പി പി എൽ അധികൃതർ പഞ്ചായത്തിൽ എത്തിയത്.

പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് അസി. എഞ്ചിനീയർ, കൃഷി ഓഫീസർ, മന്ത്രിയുടെ പ്രതിനിധി, കെ എസ് പി പി എൽ  പ്രൊജക്ട് മാനേജർ കൃഷ്ണദാസ്, സീനിയർ മാനേജർ ലിനേഷ്, സൈറ്റ് എഞ്ചിനീയർ ദിപു, ലെയ്‌സൺ ഓഫീസർ സതീഷ്, തെക്കുംപാടം വാർഡ് മെമ്പർ എം ജ അനീഷ്, വാർഡ് വികസനസമിതിയംഗം പി വി സുദേവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 

തോടിന്റെ ബണ്ട് അടിയന്തരമായി പുനർനിർമിച്ചില്ലെങ്കിൽ മഴ ശക്തമാകുന്നതോടെ പ്രദേശം മുഴുവൻ കനത്ത വെള്ളക്കെട്ടിലാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.  കെ എസ് പി പി എല്ലിന്റെ കുതിരാനിലുള്ള സൈറ്റിൽ വെച്ചാണ് ചാക്കുകൾ തയ്യാറാക്കുന്നത്. അത് തെക്കുംപാടത്തേക്ക് കൊണ്ടുവന്ന് ബണ്ടിന്റെ നിർമാണം നടത്തും. പണികൾ ഉടനെ പൂർത്തിയാകുമെന്ന് അധികൃതർ വ്യക്തമാക്കി. 

Related Posts