പ്രശസ്ത തമിഴ് ഹാസ്യ താരം പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു.
തമിഴ് ഹാസ്യ താരം പി പാണ്ഡു അന്തരിച്ചു.
ചെന്നൈ:
നിരവധി ചിത്രങ്ങളിലെ ഹാസ്യനടനായി അഭിനയിച്ച പ്രശസ്ത നടൻ പാണ്ഡു ഇന്ന് രാവിലെ അന്തരിച്ചു. 74 വയസ്സായിരുന്നു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് പാണ്ഡുവും ഭാര്യ കുമുധയും ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ഐ സി യു വിൽ തുടരുന്നു.
“മാനവൻ” എന്ന തമിഴ് ചിത്രത്തിലൂടെയാണ് പാണ്ഡു അഭിനയരംഗത്തേക്ക് കടന്നത്. അജിത് കുമാർ അഭിനയിച്ച 'കാതൽ കോട്ടൈ' എന്ന ചിത്രത്തിലെ അതിഥി വേഷത്തിലും വിജയ് നായകനായ 'ഗില്ലി'യിലെ പോലീസ് ഉദ്യോഗസ്ഥനായും പാണ്ഡു പ്രശസ്തനാണ്. നടികർ, അയ്യർ ഐ പി എസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അശ്വിൻ കുമാർ, രാംകുമാർ, നിവേദിത സതീഷ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'ഇന്ത നിലൈ മാരും' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. പ്രഭു, പഞ്ചു, പിന്റു എന്നിവർ മക്കളാണ്. മകൻ പിന്റു സിനിമാ താരമാണ്. 2013ൽ പുറത്തിറങ്ങിയ വെള്ളാച്ചി എന്ന ചിത്രത്തിൽ നായകനായാണ് പിന്റു അഭിനയരംഗത്തെത്തുന്നത്.