പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി.
തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് കുറഞ്ഞ പലിശയ്ക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി.
തിരുവനന്തപുരം:
കൊവിഡ് മഹാമാരി മൂലം ഇതുവരെ 14,32,736 പ്രവാസികൾ തിരികെയെത്തുകയും ഏറെ പേർക്കും തൊഴിൽ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന ബജറ്റിൽ കുറഞ്ഞ പലിശയ്ക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. എം എസ് എം ഇ (മൈക്രോ, സ്‌മോൾ, മീഡിയം, എന്റർപ്രൈസ്) കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാനും ബജറ്റിൽ നിർദേശമുണ്ട്. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി.
തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുമുള്ള പുനരധിവാസ പദ്ധതിയായ നോർക്ക സെൽഫ് എംപ്ലോയെന്റ് സ്കീം പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കുറഞ്ഞ പലിശക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കുക. ഇതിന്റെ പലിശ ഇളവ് നൽകുന്നതിന് 25 കോടി രൂപ ബജറ്റിൽ വകയിരുത്തി. എം എസ് എം ഇ കൾക്ക് 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. നിലവിലുള്ള എം എസ് എം ഇ കൾക്ക് കുറഞ്ഞ നിരക്കിൽ അധിക പ്രവർത്തന മൂലധന വായ്പയും ടേം ലോണും ലഭ്യമാക്കും. പലിശ ഇളവ് നൽകുന്നതിന് 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വ്യവസായ വകുപ്പ് നിലവിൽ നടപ്പിലാക്കി വരുന്ന സംരംഭകത്വ സഹായ പദ്ധതിക്ക് (ഇഎസ്എസ്) 25 കോടി രൂപയും നാനോ വ്യവസായ ഭവന യൂണിറ്റുകൾക്ക് മാർജിൻ മണിയും പലിശ സഹായവും നൽകുന്നതിനുള്ള പദ്ധതിക്ക് 15 കോടി രൂപയും അധികം വകയിരുത്തി.