തൃശ്ശൂര്‍ താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.

റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ കേന്ദ്രങ്ങൾ ആരംഭിക്കും.

തൃശ്ശൂർ:

തൃശ്ശൂര്‍ താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. പുതിയ കെട്ടിട സമുചയത്തിനായി കണ്ടെത്തിയ സ്ഥലം ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു മന്ത്രി. റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ കേന്ദ്രങ്ങൾ ആരംഭിക്കും. ജില്ലയിൽ തൃശ്ശൂർ താലൂക്ക് മന്ദിരമാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കുക. 10 കോടി വകയിരുത്തിയിട്ടുള്ള പദ്ധതിയുടെ നിര്‍മ്മാണം രണ്ടു ഘട്ടങ്ങളിലായി നടക്കും. മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ടൗണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ ഇവിടേക്ക് മാറ്റി സ്ഥാപിക്കാന്‍ സാധിക്കും. താലൂക്ക് ഓഫീസ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന കെട്ടിടം പൈതൃക മന്ദിരമായി സംരക്ഷിക്കും. ഇതിന്റെ അറ്റക്കുറ്റ പണികള്‍ ഉടനെ പൂര്‍ത്തിയാക്കാ൯ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

നിലവില്‍ താലൂക്ക് ഓഫീസിന്റെ ഭാഗമായുള്ള റവന്യു സ്പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസ് സ്ഥിതി ചെയ്യുന്നിടത്താണ് പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണം നടക്കുക. മൂന്നു മാസത്തിനകം നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കും. തൃശൂര്‍ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണത്തിനു പുറമേ കുന്നംങ്കുളം താലൂക്ക് ആസ്ഥാന മന്ദിരം, ചാലക്കുടി റവന്യൂ ടവര്‍ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കും. ഇതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു. കലക്ട്രേറ്റിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ മന്ദിര നിര്‍മ്മാണം ആലോചനയിലുണ്ടെന്നും കലക്ട്രേറ്റിന്റെ സ്ഥല പരിമിധികള്‍ മറിക്കടക്കാന്‍ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിനു സമീപം പുതുതായി മറ്റൊരു മന്ദിരം പണിയുന്നതിനുള്ള സാധ്യത പരിശോധിച്ച് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ പിnഡബ്ലു ഡിയ്ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എം എൽ എ പി ബാലചന്ദ്രൻ, കോർപറേഷൻ മേയർ എം കെ വർഗ്ഗീസ്, ജില്ലാ കലക്ടർ എസ് ഷാനവാസ്, എ ഡി എം റെജി. പി ജോസഫ്, ആർ ഡി ഒ എൻ കെ കൃപ, തഹസിൽദാർ കെ എസ് സുധീർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts