തൃശ്ശൂർ പൂരത്തിന് തുടക്കമായി.
തൃശ്ശൂർ പൂരം ഇന്ന്.
തൃശ്ശൂർ:
തൃശൂര്‍ പൂരത്തിന്റെ ഇന്നത്തെ ചടങ്ങുകള്‍ക്ക് തുടക്കമായി. ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി പൂരത്തെ വിളിച്ചുണർത്തി. പിന്നാലെ ഘടക പൂരങ്ങൾ എത്തി തുടങ്ങി. ഏഴ് ഘടക പൂരങ്ങള്‍ ഉച്ചയ്ക്ക് ഒരാനപ്പുറത്ത് എഴുന്നള്ളിയെത്തും.
ബ്രിഹസ്പതി രൂപത്തിൽ ഉള്ള ശാസ്താവ് ആയതിനാൽ വെയിൽ ഏൽക്കാതെ വേണം പൂരം വടക്കും നാഥ ക്ഷേത്രത്തിൽ എത്താൻ എന്നാണ് വിശ്വാസം. തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് മഠത്തിലേക്ക് എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിയോടെ പാറമേക്കാവിൻ്റെ എഴുന്നള്ളത്ത് നടക്കും. പരമാവധി 50 പേരാണ് ഓരോ പൂരസംഘത്തോടൊപ്പവും ഉണ്ടാകുക. ഇക്കുറി ഒരാനപ്പുറത്താണ് ഘടക പൂരങ്ങളെത്തുന്നത്. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെ ഉള്ള ചടങ്ങുകൾ ചുരുക്കിയാണ് നടത്തുന്നത്. 32 ആനകളാണ് ഇക്കുറി പൂരത്തിന്ന് വടക്കുന്നാഥന് മുന്നിലേക്കെത്തുക. വനം വകുപ്പും മൃഗസംരക്ഷണവകുപ്പും ചേർന്ന് എല്ലാ ആനകൾക്കും കർശനമായ സുരക്ഷയും പരിശോധനയും നടത്തിയാണ് ആനകളെ സജ്ജമാക്കിയത്.
കൊവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടത്തെ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. രാവിലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലെത്തിയതോടെ പൂരനഗരി സജീവമായി. ആളും ആരവവുമില്ലാതെയാണ് ചടങ്ങുകള്‍ പുരോഗമിക്കുന്നത്. ജനങ്ങൾ വീടുകളിൽ ഇരുന്നും ടിവിയിലോ നവ മാധ്യമങ്ങളിലോ പൂരം കാണണമെന്നാണ് അധികൃതരുടെ നിർദേശം. പൂരത്തിന് വേദിയാക്കുന്ന തേക്കിൻക്കാട് മൈതാനം കർശന പോലീസ് നിയന്ത്രനത്തിൽ ആയിരിക്കും. 2000 പൊലീസുകാരെ സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്.