തൃശ്ശൂർ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് യാഥാർഥ്യമാവുന്നു.
മുളങ്കുന്നത്തുകാവ് :
തൃശ്ശൂർ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് യാഥാർഥ്യമാവുന്നു. കഴിഞ്ഞ സർക്കാരിന്റെ അവസാന ഘട്ടത്തിൽ പ്രത്യേക പരിഗണന നൽകിയ പദ്ധതിയാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്. അന്തിമ പ്ലാൻ അധികൃതർ അംഗീകരിച്ചു. ഇനി ടെൻഡർ നടപടികളിലേക്ക് കടക്കാം. ഇത് സംബന്ധിച്ച അവസാനവട്ട ചർച്ചയിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ, ആശുപത്രി അധികൃതർ, ഇൻകെൽ പ്രതിനിധികൾ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
285 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് കിഫ്ബിയിലുൾപ്പെടുത്തി ഭരണാനുമതി ലഭിച്ചിരുന്നു. ഇതിനായുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ഇൻകെൽ ആണ്. ആറ് നിലകളിലായി 288 കിടക്കകൾ, നൂറിൽപ്പരം ഐസിയു കിടക്കകൾ, ഡേ കെയർ ഡയാലിസിസ് കേന്ദ്രം, സൂപ്പർസ്പെഷ്യാലിറ്റി ഒപികൾ, ട്രാൻസ്‌പ്ലാന്റ് ഓപ്പറേഷൻ തിയറ്ററുകൾ, എംആർഐ സ്കാൻ, സിടി സ്കാൻ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഈ ബ്ലോക്കിൽ ലഭ്യമാകുക.