തൃശൂർ പൂരം കൊടിയേറി; ആർ ടി പി സി ആർ പരിശോധന നടത്തണം.

തിരുവമ്പാടി - പാറമേക്കാവ് ക്ഷേത്രങ്ങളില്‍ പൂരത്തിന്റെ കൊടിയേറി; പൂരം കാണാൻ എത്തുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.

തൃശ്ശൂർ: തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളില്‍ പൂരത്തിന്റെ കൊടിയേറി. തിരുവമ്പാടി കൊടിയേറ്റം നടന്നതിന് പിന്നാലെയാണ് പാറമേക്കാവ് ക്ഷേത്രത്തില്‍ കൊടിയേറിയത്. പൂജ ചെയ്‌ത കൊടിക്കൂറ തന്ത്രിമാർ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുവന്നതോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തിരുവമ്പാടി ക്ഷേത്രത്തില്‍ പാരമ്പ്യര അവകാശികളായ താഴത്തുപുരയ്ക്കല്‍ കുടുംബങ്ങള്‍ ഭൂമിപൂജ നടത്തി ദേശക്കാരെല്ലാം കൊടിയേറ്റുകയായിരുന്നു. തിരുവമ്പാടിയില്‍ മൂന്നുമണിക്കാണ് എഴുന്നള്ളിപ്പ്. തിരുവമ്പാടി ചന്ദ്രശേഖരനായിരിക്കും തിടമ്പ് ഏറ്റുക. മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും പൂരക്കൊടി ഉയർത്തും. മേളപ്രമാണി പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിൽ മേളം നടക്കും. കുട്ടൻമാരാര്‍ക്കിത് 45ാം തൃശ്ശൂര്‍ പൂരമാണ്. പാറമേക്കാവില്‍ ഒരുമണിക്കാണ് പുറത്തേക്കുള്ള എഴുന്നള്ളിപ്പ്. പാറമേക്കാവ് പത്മനാഭന്‍ തിടമ്പേറ്റും. വടക്കുനാഥനിലെ കൊക്കർണിയിലാണ് ആറാട്ട്. വടക്കുനാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിക്കും. ഘടക ക്ഷേത്രങ്ങളായ അയ്യന്തോൾ, നെയ്തലക്കാവ്, ലാലൂർ, കണിമംഗലം, ചെമ്പുക്കാവ്, പനേക്കുംമ്പിള്ളി, കാരമുക്ക് പൂക്കാട്ടിരി, ചൂരക്കോട്ട്കാവ് എന്നിവിടങ്ങളിലും പൂരം കോടിയേറി. ലോക്ഡൗൺ മൂലമുള്ള  സർക്കാർ നിർദേശം കർശനമായി പാലിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റം നടന്നത്. പൂരത്തിന് എത്തുന്ന എല്ലാവർക്കും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ രണ്ട് ഡോസ് കൊറോണ വാക്‌സിനെടുത്ത സർട്ടിഫിക്കറ്റ് എന്നിവ കൈവശം ഉണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്.

പൂരത്തിന് ഇനി ആറ് ദിവസമാണ് ബാക്കിയുളളത്. കാണാൻ വരുന്നവർ ഏപ്രിൽ ഇരുപതിന് ആർ ടി പി സി ആർ ടെസ്റ്റ് നടത്തണം. ഇരുപത്തിയൊന്നിന് ലഭിക്കുന്ന സർട്ടിഫിക്കറ്റുമായി പൂരപറമ്പിൽ എത്താം. 

പത്ത് വയസിൽ താഴെയുളളവർക്കും ഗർഭിണികൾക്കും പൂരത്തിന് പ്രവേശനമില്ല. ഇത്തവണ പൂരം എക്‌സിബിഷന് പകുതി സ്റ്റാളുകൾ മാത്രമായിരിക്കും ഉണ്ടാവുക.

Related Posts