ദേശീയപാതയിൽ വൻ വികസന പദ്ധതികൾ യാഥാർഥ്യമാക്കാൻ ഒരുങ്ങി കേന്ദ്രം.

ന്യൂഡൽഹി:

രാജ്യത്തെ റോഡ് ഗതാഗത-ദേശീയപാതാ മന്ത്രാലയം പാതയോരങ്ങളിൽ വൻ വികസന പദ്ധതി യാഥാർഥ്യമാക്കാൻ ഒരുങ്ങുന്നു. ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് മന്ത്രാലയവുമായി ബന്ധപ്പെട്ട ഓൺലൈൻ പരിപാടിയിൽ ഇതു സംബന്ധിക്കുന്ന വാർത്ത പുറത്തുവിട്ടത്. പാതയ്ക്കിരുവശവും ടൗൺഷിപ്പുകൾ, സ്മാർട്ട് സിറ്റികൾ, ലോജിസ്റ്റിക് പാർക്കുകൾ, വ്യാവസായിക ക്ലസ്റ്ററുകൾ എന്നിവ നിർമിക്കുന്നതിന് കേന്ദ്രമന്ത്രി സഭയുടെ അനുമതിതേടുമെന്നും അദ്ദേഹം പറഞ്ഞു.

ദിവസവും 40 കിലോമീറ്റർ എന്നതോതിൽ ലോകോത്തരനിലവാരമുള്ള 60,000 കിലോമീറ്റർ ദേശീയപാത നിർമിക്കും. 2.5 ലക്ഷത്തോളം കോടി ചെലവുവരുന്ന തുരങ്കങ്ങളും നിർമിക്കും. നവീന സാങ്കേതികവിദ്യയുടെയും ഗവേഷണത്തിന്റെയും സഹായത്തോടെ സ്റ്റീലും സിമന്റും കുറച്ചാവും നിർമാണം. റോഡുനിർമാണ യന്ത്രസാമഗ്രികളിൽ സി എൻ ജി, എൽ എൻ ജി, എത്തനോൾ എന്നിവയാവും ഇന്ധനമായി ഉപയോഗിക്കുക. ഇറക്കുമതി കുറച്ച്, ചെലവും മലിനീകരണവും കുറഞ്ഞ പ്രാദേശികവിഭവങ്ങൾ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് മന്ത്രി വ്യക്തമാക്കി. 63 ലക്ഷം കിലോമീറ്റർ റോഡ് ശൃംഖലയുള്ള ഇന്ത്യ ഇക്കാര്യത്തിൽ ലോകത്ത് രണ്ടാംസ്ഥാനത്താണ്. ദേശീയ അടിസ്ഥാന സൗകര്യവികസന പദ്ധതിപ്രകാരം 111 ലക്ഷം കോടി രൂപയാണ് അടിസ്ഥാനസൗകര്യ വികസനത്തിനായി സർക്കാർ ചെലവഴിക്കുന്നത്. വർഷം 34 ശതമാനം വർധനയാണ് സർക്കാർ ഈ മേഖലയിൽ വരുത്തുന്നത്. ഈ വർഷം 5.54 ലക്ഷം കോടി രൂപയാണ് ചെലവഴിക്കുന്നത്.

Related Posts