ദേശീയ തല മത്സരത്തിനൊരുങ്ങി കൊടകര കുടുംബാരോഗ്യ കേന്ദ്രം.
കൊടകര:
സംസ്ഥാനതല എന്‍ ക്യൂ എ എസ് (നാഷ്ണല്‍ ക്വാളിറ്റി അസ്സസ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ്) റേറ്റിംഗില്‍ 87% സ്‌കോര്‍ നേടി ദേശീയതല മത്സരത്തിന് ഒരുങ്ങുകയാണ് കൊടകര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം. സംസ്ഥാനതലത്തില്‍ 70 ശതമാനത്തിന് മുകളില്‍ റേറ്റിങ് നേടിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് ദേശീയതലത്തില്‍ മത്സരിക്കാനാവുക. ഓ പി വിഭാഗം, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, നാഷ്ണല്‍ ഹെല്‍ത്ത് പ്രോഗ്രാം, ലബോറട്ടറി
എന്നീ നാല് വിഭാഗങ്ങളിലായി രണ്ടായിരത്തില്‍പരം സൂചകങ്ങള്‍ പരിശോധിച്ച്, ജീവനക്കാരുടെ അറിവ്, പ്രവര്‍ത്തനക്ഷമത, ഭൗതികസാഹചര്യങ്ങള്‍ എന്നിവയും വിലയിരുത്തിയാണ് എന്‍ ക്യു എ എസ് നല്‍കുന്നത്.
2021 ജനുവരി മുതല്‍ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ എട്ടോളം വിവിധ കമ്മിറ്റികളും അനുബന്ധ കമ്മിറ്റികളും രൂപീകരിക്കുകയും അതിനനുസരിച്ച് ചിട്ടയായ പ്രവര്‍ത്തനം നടത്തുകയും വിലയിരുത്തുകയും ചെയ്തുവരുന്നു. പ്രസ്തുത കമ്മിറ്റികള്‍ ചേര്‍ന്ന് എസ് ഓ പി (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജര്‍) രൂപീകരിച്ച് അതിനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി വിലയിരുത്തി വരുന്നു. 2021 ഏപ്രില്‍ മാസത്തില്‍ നടന്ന ജില്ലാതല അവലോകനത്തില്‍ 73 ശതമാനം മാര്‍ക്ക് നേടി സംസ്ഥാനതല എന്‍ ക്യൂ എ എസ് പരിശോധനയ്ക്ക് അര്‍ഹത നേടി. 2021 ജൂലൈയില്‍ നടന്ന സംസ്ഥാനതല അവലോകനത്തില്‍ 87 ശതമാനം മാര്‍ക്ക് നേടി ദേശീയ ഗുണനിലവാര പരിശോധനയ്ക്കും അര്‍ഹത നേടി കഴിഞ്ഞു.
മത്സരത്തിന് ആവശ്യമായ മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നതിനായി ദേശീയതല സംഘം കുടുംബാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തും.
കൊടകര ഗ്രാമപഞ്ചായത്തിലെ ഈ കുടുംബാരോഗ്യ കേന്ദ്രം 1973-ലാണ് സര്‍ക്കാര്‍ ഡിസ്‌പെന്‍സറിയായി പ്രവര്‍ത്തനം ആരംഭിച്ചത്. 1988 ല്‍ പ്രാഥമികാരോഗ്യ കേന്ദ്രമായും 2020 ഓഗസ്റ്റില്‍ കുടുംബാരോഗ്യ കേന്ദ്രമായും ഉയര്‍ന്നു. ആര്‍ദ്രം മിഷന്റെ ഭാഗമായി നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍ വിഹിതമായ 15.5 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് വിഹിതമായ 14 ലക്ഷം രൂപയും വിനിയോഗിച്ചാണ് ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയത്.
ഈ കുടുംബാരോഗ്യ കേന്ദ്രം ഉയര്‍ന്ന സേവന നിലവാരത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. രോഗികള്‍ക്കാവശ്യമായ പ്രാഥമികാരോഗ്യ സേവനം വൃത്തിയായും കാര്യക്ഷമതയോടെയും അര്‍പ്പണ മനോഭാവത്തോടെയും നല്‍കുന്നു. മാത്രമല്ല ദേശീയ ഗുണനിലവാര സൂചികകള്‍ക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രതിമാസം ഏതാണ്ട് 6000 ത്തോളം ഓ പികളും 300 ഓളം ലബോറട്ടറി ടെസ്റ്റുകളും ഇവിടെ നടന്നുവരുന്നു.
കൂടാതെ 720 എന്‍ സി ഡി (നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ്) ചികിത്സയും 300 പ്രതിരോധ കുത്തിവെപ്പുകളും നടന്നു വരുന്നു.
രാവിലെ ഒമ്പത് മുതല്‍ ആറ് വരെയാണ് ഈ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇവിടെ ജെറിയാട്രിക് ക്ലിനിക്, പാലിയേറ്റീവ്, ആശ്വാസ്, പോസ്റ്റ് കൊവിഡ്, ശ്വാസ്, അഡോളസെന്റ് ഹെല്‍ത്ത് ഫ്രണ്ട്ലി ക്ലിനിക്കുകളും എന്‍ സി ഡി ക്ലിനിക്കും പുറമേ എല്ലാ ബുധനാഴ്ചകളിലും പ്രതിരോധ കുത്തിവെപ്പും നല്‍കി വരുന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ സ്മിത കെ, സ്റ്റാഫ് നേഴ്‌സുമാരായ പ്രിയ, ഇന്ദുകല ഫാര്‍മസിസ്റ്റ്മാരായ മിനി, കല്‍പ്പന, നഴ്‌സിങ് അസിസ്റ്റന്റ് പത്മിനി, ജനറല്‍ അഡ്മിനിസ്‌ട്രേഷനില്‍ ഡോ. സംഗീത, സീനിയര്‍ ക്ലര്‍ക്ക് ജയറാം, ലാബ് ടെക്‌നീഷ്യന്‍ ശരണ്‍ തുടങ്ങിയവര്‍ സേവനനിരതരായി ഇവിടെയുണ്ട്. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ആര്‍ പ്രസാദന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ എല്‍ പാപ്പച്ചന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ്തി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹാരിസ്, ഓഫീസ് സ്റ്റാഫുകള്‍, ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍, സെക്രട്ടറി സബിത, വാര്‍ഡ് മെമ്പര്‍ സിബി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ ഷാജു എന്നിവരുടെ കൂട്ടായ പ്രയത്‌നമാണ് ദേശീയതല മത്സരത്തില്‍ പങ്കെടുക്കാന്‍ കൊടകര കുടുംബാരോഗ്യ കേന്ദ്രത്തെ പ്രാപ്തമാക്കിയത്.