ഓർമ്മത്താൾ - 2
നാട്ടുകള്ളൻ.
1980 ലെ ഗ്രാമീണ ചായക്കട, അതിനടുത്ത് പോലീസ് സ്റ്റേഷൻ, സഹകരണ ബാങ്ക്, പോസ്റ്റോഫീസ്, ബാർബർഷോപ്പ്, തയ്യൽ കട, സൈക്കിൾ ഷോപ്പ്, തീയേറ്റർ പലച്ചരക്ക് കടകൾ.....
ഇത്രയുമാകുമ്പോൾ എൺപതുകളിൽ, ഇന്നു കാണുന്ന നഗര തുല്യ ഗ്രാമമാണ്..
ഞങ്ങളുടെ ചായക്കടയിൽ നിന്നായിരുന്നു പോലീസ് സ്റ്റേഷനിലേക്ക് ചായകൊണ്ടു പോയിരുന്നത്.
ആ ചുമതല എനിക്കായിരുന്നു.
ഒരു ദിവസം
ഞാൻ ചായയുമായി സ്റ്റേഷനിൽ ചേന്നപ്പോൾ ലോക്കപ്പിൽ നിന്ന് ഭയങ്കര കരച്ചിൽ....
ചായയുമായി എന്നെ കണ്ടതും കരച്ചിൽ നിന്നു.
അടി കിട്ടി കൊണ്ടിരുന്ന ആൾക്ക് ചായകൊടുക്കാൻ ഒരു പോലീസുകാരൻ പറഞ്ഞു...
അഴികൾക്കിടയിലൂടെ ചായ കൊടുത്ത നേരത്ത് ഞാൻ അയാളുടെ മുഖം ശ്രദ്ധിച്ചു.
ആ മുഖം മായാതെ
മനസിൽ ഇന്നും മായാതെ കിടപ്പുണ്ട്.
നാട്ടിൽ പല സ്ഥലത്തും മായാവിയായി വന്ന് കളവു നടത്തിയിരുന്ന പ്രസിദ്ധനായ കളളനായിരുന്നു അയാൾ...
എന്റെ ക്ലാസിലെ പല സഹപാഠികളുടെയും വീരകഥാപത്രം...
മേലാകെ എണ്ണതേച്ച് , മേലാകെ കരിത്തേച്ച് , ഷഡ്ഢി മാത്രം ഇട്ട് , മായാവിയായി വന്നു സ്കൂൾ കഥകളിലെ ഹീറോ ആയ കള്ളൻ!!
എന്റെ കൺമുന്നിൽ..
മുകളിലേക്ക് പിരിച്ചു വെച്ച കട്ട മീശ, ചോരച്ച കണ്ണുകൾ, പോലീസ് സ്റ്റൈലിൽ പറ്റെ വെട്ടിയ മുടി.
അടിവസ്ത്രം മാത്രമിട്ട് ലോക്കപ്പിന്റെ അഴി പിടിച്ച്, പതുക്കെ എന്നോട് പറഞ്ഞു.
'മോൻ രണ്ട് കെട്ട് ബീഡി വാങ്ങി വരോ.?
അയാളുടെ ചോദ്യം കേട്ട പോലീസുകാരൻ, ബീഡി വാങ്ങി കൊടുക്കാൻ എനിക്ക് അനുമതി തന്നു...
(അന്ന് ഇന്നത്തെ പോലെ പുകവലി പൊതു ഇടങ്ങളിൽ നിരോധനമല്ലാത്ത കാലം)
ലോക്കപ്പിന് പുറത്തെ മൂലയിൽ ചുരുട്ടിക്കൂട്ടി ഇട്ട മുണ്ടും ഷർട്ടും.
ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പൈസ എടുത്ത് ഒറ്റ ഓട്ടത്തിന് ബീഡി വാങ്ങി വന്നു..
ബാക്കി പൈസ ആ പോക്കറ്റിൽ വെക്കാൻ തുനിഞ്ഞപ്പോൾ അയാൾ പറഞ്ഞു.
"ബാക്കിമോൻ എടുത്തോ.... "
കള്ളൻ ചെറുചിരിയോടെ പറഞ്ഞു.
ഒഴിഞ്ഞ ചായ ഗ്ലാസ് എടുത്ത് കടയിലേക്ക് തിരിച്ച് നടക്കുമ്പോൾ ക്‌ളാസിലെ സഹപാഠികൾ പറഞ്ഞ പല പല കഥകളിലെ ഹീറോയെ നേരിൽ കണ്ട സന്തേഷത്തിലായിരുന്നു ഞാൻ....