നാട്ടുകാർക്ക് ഭീഷണിയായ കുറുനരിയെ തളിക്കുളം അനിമൽ സ്‌ക്വാഡ് പിടികൂടി.

പഴുവിൽ: പഴുവിൽ ഗായത്രി റോഡിന് സമീപം നാട്ടുകാർക്ക് ഭീഷണിയായിരുന്ന കുറുനരിയെ തളിക്കുളം അനിമൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പിടികൂടി. ഗായത്രി റോഡിൽ കണ്ടം കുളത്തി സത്യന്റെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് കുറുനരിയെ പിടികൂടിയത്. കിണറ്റിൽ വീണ കുറുനരിയെ രക്ഷപെടുത്താൻ ഉള്ള ശ്രമത്തിനിടെ സ്‌ക്വാഡ് അംഗത്തിന് പരിക്കേറ്റു.

പ്രദേശത്തെ മറ്റ് മൂന്നു കുടുംബങ്ങളും കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന 28ഓളം അടി താഴ്ച ഉണ്ടായിരുന്ന ആൾമറയില്ലാത്ത കിണറ്റിലാണ് കുറുനരി വീണത്. കിണറ്റിൽ കുറുക്കൻ വീണെന്ന പരാതി വീട്ടുകാർ അന്തിക്കാട് പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസാണ് തളിക്കുളം ആനിമൽ സ്‌ക്വാഡിനെ വിവരം അറിയിച്ചത്.

ചെടികൾ ഇടതൂർന്ന് വളർന്ന് ആൾമറ പോലുമില്ലാത്ത കിണറിലേക്കിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. പി ആർ രമേശിന്റെ നേതൃത്വത്തിലുള്ള അനിമൽ സ്‌ക്വാഡ് അംഗങ്ങൾ സ്ഥലത്തെത്തി കിണറിനോട് ചേർന്നുള്ള പൊന്തകാടുകൾ വെട്ടി ഒതുക്കി. തുടർന്ന് സ്‌ക്വാഡിലെ അയ്യപ്പൻ അന്തിക്കാട് സുരക്ഷാ വടത്തിൽ കിണറ്റിൽ ഇറങ്ങുകയായിരുന്നു. ഏറെ നീണ്ട ശ്രമത്തിനൊടുവിലാണ് വെള്ളത്തിൽ കിടന്ന കുറുനരിയെ കുരുക്കിട്ട് പിടികൂടിയത്. രക്ഷാപ്രവർത്തനത്തിനിടയിലാണ് സ്ക്വാഡ് അംഗം അയ്യപ്പന് പരിക്കേറ്റത്.

കരയിൽ എത്തിച്ച കുറുനരിക്ക് പരിക്കേറ്റത്തിനാൽ അനിമൽ സ്‌ക്വാഡ് അംഗം പി ആർ രമേശ്‌ മുറിവുണങ്ങാനുള്ള കുത്തിവെയ്പ്പ് നൽകി. തുടർന്ന് കുറുനരിയെ സമീപത്തെ പുരയിടത്തോട് ചേർന്ന് കുരുക്ക് അഴിച്ചുവിടുകയായിരുന്നു.

കെ കെ ഷൈലേഷ്, മനോജ്‌ പെടാട്ട്, പി ആർ രെജിൽ എന്നിവരും കുറുനരിയെ രക്ഷിച്ച സംഘത്തിൽ ഉണ്ടായിരുന്നു. കുറുനരിയെ പിടിച്ചതോടെ ഏറെ നാളുകളായി ഉണ്ടായിരുന്ന കുറുനരി എന്ന ഭീതി ഇല്ലാതായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.

Related Posts