തൃശ്ശൂരിൽ പൂരവിളംബര ചടങ്ങ് തുടങ്ങി.
നെയ്തലക്കാവ് ഭഗവതി തെക്കേഗോപുര നട തള്ളിത്തുറന്നു; പൂരത്തിന് വിളംബരമായി.
തൃശ്ശൂർ:
നെയ്തലക്കാവ് ഭഗവതി വടക്കുംനാഥനെ ഒരുതവണ വലംവെച്ച് തെക്കേ ഗോപുരം വഴി പുറത്തേക്കെഴുന്നള്ളിയതോടെ തൃശ്ശൂർ പൂരത്തിന് തുടക്കമായി. രാവിലെ എട്ടരയോടെ കുറ്റൂരിൽ നിന്നും ആരംഭിച്ചു. തെച്ചിക്കോട്ട് ക്കാവ് രാമചന്ദ്രന് പകരം ഇത്തവണ കൊച്ചിൻ ദേവസ്വം ബോർഡിൻറെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ഗോപുരവാതിൽ തള്ളി തുറന്നത്. രാവിലെ പത്തരയോടെ ശ്രീമൂലസ്ഥാനത്തെത്തിയ നെയ്തലക്കാവ് ഭഗവതി പതിനൊന്നരയോടെ വടക്കുന്നാഥന്റെ പ്രധാന കവാടമായ പടിഞ്ഞാറെ ഗോപുരവാതിൽ വഴി അകത്ത് കയറി പ്രദക്ഷിണം വെച്ചു. തെക്കേഗോപുരത്തിലെത്തി മൂന്ന് തവണ മുട്ടി പൂരവിളംബരമറിയിച്ച് തെക്കേഗോപുരവാതിൽ തുറന്നു. നെയ്തലക്കാവ് ഭഗവതി തുറന്നിട്ട തെക്കേഗോപുര വാതിലിലൂടെയാണ് ഘടകപൂരങ്ങളിൽ ആദ്യമെത്തുന്ന കണിമംഗലം ശാസ്താവ് വടക്കുന്നാഥനിൽ പ്രവേശിക്കുക.
കൊച്ചി രാജവംശത്തിന് നെയ്തലക്കാവ് ക്ഷേത്രവുമായുള്ള ആത്മബന്ധമാണ് ഈ ചടങ്ങിന്‍റെ ആധാരം. ഘടകപൂരങ്ങള്‍ക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്തലക്കാവിലമ്മ എഴുന്നള്ളുന്നതെന്നാണ് സങ്കല്‍പം. 36 മണിക്കൂർ നീളുന്ന പൂര ചടങ്ങുകൾക്കാണ് ഇതോടെ തുടക്കമായത്.