കൊവിഡ് ആന്റിജന്‍ ടെസ്റ്റ് എടുത്ത് ഫലം നെഗറ്റീവായവര്‍ക്ക് കടലില്‍ പോകാം.
നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി; ഹാര്‍ബറുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും.
തൃശൂർ:
ജില്ലയിലെ തീരദേശങ്ങളില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കി ജില്ലാ ഭരണകൂടം. ഹാര്‍ബറുകളുടെ പ്രവര്‍ത്തനം നിയന്ത്രണങ്ങളോടെ നടത്തുന്നതിനും തീരുമാനമായി. ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ എം എൽ എമാരായ ഇ ടി ടൈസണ്‍, എൻ കെ അക്ബര്‍ എന്നിവർ ഉദ്യോഗസ്ഥ പ്രതിനിധികള്‍, തീരദേശവുമായി ബന്ധപ്പെട്ട വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം.
കൊവിഡുമായി ബന്ധപ്പെട്ട് പൂര്‍ണമായി നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മത്സ്യബന്ധനം നടത്തണം. കൊവിഡ് ആന്റിജന്‍ ടെസ്റ്റ് എടുത്ത് ഫലം നെഗറ്റീവായവര്‍ക്ക് ഇന്നുമുതല്‍ കടലില്‍ പോകാം. ഫിഷറീസ് വകുപ്പ്, ഉദ്യോഗസ്ഥര്‍, പൊലീസ്, അതത് തദ്ദേശ സ്ഥാപനങ്ങള്‍, മത്സ്യതൊഴിലാളി സംഘടനകള്‍ തുടങ്ങിയവരുടെ സംയുക്തമായ തീരുമാനങ്ങള്‍ക്കനുസരിച്ച് മത്സ്യബന്ധനവും ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും നടത്താം.
ഹാര്‍ബറില്‍ ഒരു സമയം ഇരുപത് ആളുകള്‍ക്ക് പ്രവേശിക്കാം. അതത് പ്രദേശങ്ങളില്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് 3 വരെ മാത്രമാണ് ഹാര്‍ബറുകള്‍ തുറന്ന് പ്രവര്‍ത്തിക്കൂ. ചില്ലറ വില്‍പ്പനയും ലേലവും ഉണ്ടായിരിക്കില്ല. കടലില്‍ പോകുന്നവരുടെ വിവരങ്ങള്‍ ബോട്ടുകളുടെ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഫിഷറിസ് വകുപ്പിനെ അറിയിക്കണം. ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ മാത്രമാണ് മത്സ്യ വില്‍പനയ്ക്ക് അനുമതിയുള്ളതെന്നും ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പറഞ്ഞു.
തീരദേശങ്ങളില്‍ ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മത്സ്യബന്ധനം നടത്താനും ഹാര്‍ബറുകളുടെ പ്രവര്‍ത്തനം നടത്താനും സാധിക്കുമെന്ന് വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ചെറു വള്ളങ്ങളും ബോട്ടുകളും നിയന്ത്രണങ്ങള്‍ പാലിച്ച് കടലില്‍ പോകും. ഹാര്‍ബറുകളില്‍ തിരക്ക് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കും. വള്ളങ്ങളില്‍ പോകുന്ന തൊഴിലാളികളുടെ എണ്ണവുമായി ബന്ധപ്പെട്ട തിരക്കുകള്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും സംഘടനാ പ്രതിനിധികള്‍ ഉറപ്പു നല്‍കി.
സിറ്റി പൊലീസ് കമ്മീഷ്ണര്‍ (റൂറല്‍) ജി. പൂങ്കുഴലി, ഡി എം ഒ. കെ ജെ റീന, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മാജ ജോസ് പി, ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ ബിനു വി എസ്, ജൂനിയര്‍ സൂപ്രണ്ട് ജെയിംസ് എ ഐ, വിവിധ തൊഴിലാളി സംഘടന പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.