നിരാശ്രയരായ കൊവിഡ് ബാധിതർക്ക് ഭക്ഷണം നൽകാനായി യോഗിനിമാതാ സേവാകേന്ദ്രം അമൃത ഭോജൻപദ്ധതി ആരംഭിച്ചു.
നിരാശ്രയരായ കൊവിഡ് ബാധിതർക്ക് അമൃത ഭോജൻ പദ്ധതിയുമായി യോഗിനിമാതാ സേവാകേന്ദ്രം.

വലപ്പാട്: നിരാശ്രയരായ കൊവിഡ് ബാധിതർക്ക് ഭക്ഷണം നൽകാനായി യോഗിനിമാതാ സേവാകേന്ദ്രം അമൃത ഭോജൻ പദ്ധതി ആരംഭിച്ചു. പതിനൊന്ന് വർഷം മുൻപ് തന്റെ ജീവിതം സേവന പ്രവർത്തനങ്ങൾക്ക് സമർപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി തറയിൽ കൊന്നുകുട്ടി മകൾ ലളിത കൈപ്പമംഗലം യോഗിനിമാതാ ബാലികാ സദനത്തിൽ വന്നു ചേർന്നു. തന്റെ എൺപതാം വയസ്സിലും ഊർജസ്വലതയോടെ ബാലികാസദനത്തിലെ മക്കൾക്കും വിശിഷ്ടവ്യക്തികൾക്കും വേണ്ടുന്ന ഭക്ഷണം ഒരുക്കുന്നതും മക്കളുടെ ഓരോ കാര്യങ്ങളിലും അതീവ ശ്രദ്ധപുലർത്തുന്നതും ഈ അമ്മയാണ്. ഈ കൊവിഡ് സാഹചര്യത്തിൽ വാർദ്ധക്യം മറന്നു കൊണ്ട് ജനങ്ങൾക്ക് വേണ്ടി കൊവിഡ് ബാധിതരെ ഊട്ടുന്ന വലിയൊരു കടമയും കൂടിയാണ് അമ്മ ഏറ്റെടുത്തിരിക്കുന്നത്. ഇന്ന് നൂറോളം പേർക്കുള്ള ഭക്ഷണം കൊടുക്കുന്നതിനുള്ള സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്. സ്ഥാപനത്തിലെ വാർഡൻ പൂർണിമ, ശരദാമ്മ മുതിർന്ന കുട്ടികളായ സുചിത്ര എം എസ്, അഞ്ജലി എ ഡി, വിനയ എന്നിവരും സജീവമായി അമ്മയോടൊപ്പം പ്രയത്നിക്കുന്നു. യോഗിനിമാതാ സേവാകേന്ദ്രം സെക്രട്ടറി എൻ എസ് സജീവ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.