ഗൂഗിള്‍ മീറ്റ് വഴി വെർച്വലായിട്ടാണ് പങ്ങാരപ്പിള്ളി എ എൽ പി സ്‌കൂള്‍ അധികൃതര്‍ ഇത്തവണ പ്രവേശനോത്സവം സംഘടിപ്പിച്ചത്.
പങ്ങാരപ്പിള്ളി സ്‌കൂളില്‍ വെര്‍ച്വല്‍ പ്രവേശനം നേടി കുരുന്നുകള്‍.
തൃശ്ശൂർ:
കൊവിഡ് ഇല്ലായിരുന്നെങ്കില്‍ പുത്തന്‍ ഉടുപ്പും, ബാഗും, വാട്ടർ ബോട്ടിലുമൊക്കെയായി ഉല്ലാസത്തോടെ പ്രവേശനോത്സവത്തിന് എത്തേണ്ട ചേലക്കര പങ്ങാരപ്പിള്ളി സ്‌കൂളിലെ കുരുന്നുകള്‍ ഇന്ന് ഓണ്‍ലൈന്‍ ആയി പഠനമാരംഭിച്ചു.
കൊവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ചതോടെ ഓണ്‍ലൈന്‍ ആയിട്ടാണ് സ്‌കൂളുകളെല്ലാം അധ്യയനമാരംഭിച്ചത്. ഗൂഗിള്‍ മീറ്റ് വഴി വെർച്വലായിട്ടാണ് പങ്ങാരപ്പിള്ളി എ എൽ പി സ്‌കൂള്‍ അധികൃതര്‍ ഇത്തവണ പ്രവേശനോത്സവം സംഘടിപ്പിച്ചത്.
ചടങ്ങുകളും വെര്‍ച്വൽ എല്‍ സി ഡി പ്രൊജക്ടര്‍ ഉപയോഗിച്ച് വലിയ സ്‌ക്രീനിലായിരുന്നു ഇത്തവണത്തെ പ്രവേശനോത്സവത്തിലെ കാര്യപരിപാടികള്‍. മന്ത്രി കെ രാധാകൃഷ്ണന്റെ ആശംസ സന്ദേശത്തോടെയാണ് യോഗം ആരംഭിച്ചത്. ഓണ്‍ലൈനായി കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ പ്രവേശനോത്സവത്തിന്റെ മാറ്റ് കൂട്ടി.
കളിച്ചും ചിരിച്ചും മത്സരിച്ച് ഓടിയും വഴക്കിട്ടും കൂട്ടുകൂടേണ്ടവര്‍ ഒറ്റക്ക് സ്‌ക്രീനില്‍ നോക്കിയിരുന്ന് പഠിക്കേണ്ടി വരുന്നത് അല്പം നിരാശയുണര്‍ത്തുന്ന കാര്യമാണെങ്കിലും ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയുള്ള പരിധികളില്ലാത്ത പഠനത്തിന്റെ സാധ്യതകള്‍ നല്‍കുന്ന പ്രതീക്ഷയും കുട്ടികള്‍ക്കുണ്ട്. കുട്ടികളുമായി ആഴത്തില്‍ ആത്മബന്ധം സ്ഥാപിക്കാനുള്ള സാഹചര്യങ്ങള്‍ വിരളമാണെങ്കിലും അകമഴിഞ്ഞ പിന്തുണയുമായി കൂടെയുണ്ട് ഇവിടത്തെ അധ്യാപകര്‍. പ്രവേശനോത്സവത്തിന് കുട്ടികളുടെ വീട്ടില്‍ എത്തി മധുരവും പഠനോപകരണങ്ങളും നല്‍കിയാണ് അവര്‍ സ്‌നേഹാശംസകള്‍ അറിയിച്ചത്.
പഠനോപകരണങ്ങളുടെ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷെലില്‍ ചേലക്കര ഗ്രാമത്തിന്റെ പിന്തുണ മാതാപിതാക്കളെ അറിയിച്ചു. പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് കൃത്യമായ ധാരണയോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ദര്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ പാഠങ്ങള്‍, കുട്ടികളുടെ സമഗ്രവികസനത്തിന് സഹായകരമാകും എന്ന കാര്യത്തില്‍ അധ്യാപകര്‍ക്ക് സംശയമില്ല.
പ്രധാന അധ്യാപിക എ സുധ, വാര്‍ഡ് മെമ്പര്‍ എ സുമതി ചേലക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷെലീല്‍, അധ്യാപിക പദ്മ, പി ടി എ പ്രസിഡണ്ട് എം എം അബ്ബാസ്, എം പി ടി എ പ്രസിഡന്റ് ആതിര വിനോദ്, സ്റ്റാഫ് സെകട്ടറി ശോഭ എന്നിവര്‍ പ്രവേശനോത്സവത്തിന് നേതൃത്വം വഹിച്ചു.