സംസ്ഥാനങ്ങളോട് പാഠ്യപദ്ധതിയെക്കുറിച്ചുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ എൻ സി ഇ ആർ ടി.
പാഠ്യപദ്ധതിയിൽ വെട്ടാനും തിരുത്താനും കൂട്ടിച്ചേർക്കാനും അവസരമൊരുക്കുന്ന നടപടിയുമായി കേന്ദ്രം.
തൃശ്ശൂർ:
സംസ്ഥാനങ്ങളോട് പാഠ്യപദ്ധതിയെക്കുറിച്ചുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ എൻ സി ഇ ആർ ടി. സംസ്ഥാനങ്ങൾ തയ്യാറാക്കുന്ന പാഠ്യപദ്ധതിയിൽ വെട്ടാനും തിരുത്താനും കൂട്ടിച്ചേർക്കാനും അവസരമൊരുക്കുന്ന നടപടിയുമായാണ് കേന്ദ്രം ഇത്തരത്തിൽ ആവശ്യപ്പെടുന്നത്. സംസ്ഥാനങ്ങൾ നൽകുന്ന രൂപരേഖയുടെ അടിസ്ഥാനത്തിലാണ് ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂട് തയ്യാറാക്കുക എന്നു പറയുന്നുണ്ടെങ്കിലും അതിലെ ഭാഗങ്ങൾ ഒഴിവാക്കാനും പുതിയത് ഉൾപ്പെടുത്താനും കേന്ദ്രത്തിന് അധികാരമുണ്ടാവും. കേന്ദ്രം തയ്യാറാക്കി നൽകുന്ന പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പാഠ്യപദ്ധതി തയ്യാറാക്കുകയാണ് ചെയ്തിരുന്നത്.
എന്നാൽ കേന്ദ്രം നൽകുന്ന ചട്ടക്കൂടിൽനിന്ന് കാര്യമായ മാറ്റം ഇനി സംസ്ഥാനങ്ങൾക്ക് വരുത്താനാവില്ല എന്നാണ് വിലയിരുത്തുന്നത്. നിലവിൽ ദേശീയ ചട്ടക്കൂടിനുള്ളിൽ നിന്ന് സംസ്ഥാനങ്ങൾ പാഠ്യപദ്ധതി തയ്യാറാക്കിക്കഴിഞ്ഞാൽ കേന്ദ്രം ഇടപെടാറില്ലായിരുന്നു. എന്നാൽ, എന്താണ് തയ്യാറാക്കുന്നതെന്ന് മുൻകൂട്ടി കേന്ദ്രത്തെ അറിയിക്കുകയും അതിൽ ഇടപെടുകയും ചെയ്യുന്ന സംവിധാനമാണ് വരാൻ പോവുന്നത്. സാസ്കാരിക, ചരിത്ര, ശാസ്ത്രമേഖലകളിൽ പ്രദേശികമായ പ്രാധാന്യം ഉൾപ്പെടെ സംസ്ഥാനങ്ങളുടെ താത്പര്യം എത്രത്തോളം ഇനി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാവും എന്നതിൽ വ്യക്തതയില്ല. 2023-ഓടെ നടപ്പാക്കാനാണ് കേന്ദ്രതീരുമാനം.