ജനങ്ങളുടെ ഏറെക്കാലത്തെ പ്രതിസന്ധിക്കാണ് വിരാമമായത്.
പുത്തൻചിറ വില്ലേജ് ഓഫീസിൽ ഇനി ഓൺലൈനായി കരം അടയ്ക്കാം.
പുത്തൻചിറ:
ആശങ്കകൾക്കും പ്രതിസന്ധികൾക്കും വിട. പുത്തൻചിറ വില്ലേജ് ഓഫീസിൽ ഓൺലൈനായി കരമടക്കുന്ന സംവിധാനം നിലവിൽ വന്നു. മെയ് 29 മുതൽ വില്ലേജ് നിവാസികൾ ഭൂനികുതി ഓൺലൈനായി അടച്ചു തുടങ്ങി. ജനങ്ങളുടെ ഏറെക്കാലത്തെ പ്രതിസന്ധിക്കാണ് വിരാമമായത്.
മറ്റ് വില്ലേജ് ഓഫീസുകളിൽ ഓൺലൈൻ രീതി നിലവിൽ വന്നപ്പോഴും പുത്തൻചിറയിൽ സ്ഥിതിയ്ക്ക് മാറ്റമൊന്നും വന്നിരുന്നില്ല. പഴയ തിരുവിതാംകൂർ രീതി പിന്തുടർന്നിരുന്ന വില്ലേജ് ഓഫീസിലെ ഭൂനികുതി അടക്കുന്നതൊഴികെ മറ്റുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കിയിരുന്നു. എന്നാൽ, വില്ലേജിലെ ബി ടി ആർ രജിസ്റ്റർ പൂർണമല്ലാതിരുന്നതിനാൽ നികുതി അടക്കൽ, പോക്കുവരവ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ സ്ഥലവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഒന്നും ഓൺലൈനായി നടപ്പാക്കാൻ സാധിച്ചിരുന്നില്ല. പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ അഡ്വ വി ആർ സുനിൽകുമാർ എം എൽ എയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് നടപടികൾ കൈക്കൊണ്ടിരുന്നു.
461 സർവേ നമ്പറുകളിലും ആയിരത്തിലധികം വരുന്ന അതിന്റെ സബ് ഡിവിഷനുകളിലുമായി പതിനായിരത്തിലധികം തണ്ടപ്പേരുകളിലുള്ളവരാണ് പുത്തന്‍ചിറ വില്ലേജില്‍ ഭൂനികുതി അടക്കാനുള്ളത്. അതുകൊണ്ടുതന്നെ കൊവിഡ് സാഹചര്യത്തില്‍ ഭൂനികുതിയും ഓണ്‍ലൈന്‍ വഴിയാക്കേണ്ടത് അത്യാവശ്യമായിരുന്നു. പുത്തൻചിറ പഞ്ചായത്തിലാകട്ടെ 15 വാർഡുകളിലായി 5800 കുടുംബങ്ങൾക്ക് സേവനം നൽകാൻ ഒരു വില്ലേജ് ഓഫീസ് മാത്രമാണ് പ്രവർത്തിക്കുന്നത്. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന വില്ലേജിൽ സമീപ പഞ്ചായത്തുകളിൽ നിന്ന് വ്യത്യസ്തമായി സർവ്വേ നമ്പറുകളിലും മാറ്റമുണ്ട്.
1985ൽ പുത്തൻചിറ മങ്കിടി എന്ന സ്ഥലത്ത് പ്രവർത്തനമാരംഭിച്ച വില്ലേജ് ഓഫീസ് 2008ൽ മാണിയങ്കാവ് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. വിസ്തൃതിയിൽ ജില്ലയിലെ ഏറ്റവും വലിയ വില്ലേജ് ഓഫീസാണിത്. ആളൂര്‍ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തിയായ കിഴക്കുംമുറി മുതല്‍ കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയുടെ അതിര്‍ത്തിയായ പുലയന്‍തുരുത്ത് വരെ 22.29 ചതുരശ്ര കിലോമീറ്ററിലാണ് ഇത് വ്യാപിച്ചു കിടക്കുന്നത്. തിരുവിതാംകൂര്‍ കൊച്ചിയുടെ ഭാഗമായിരുന്ന പുത്തന്‍ചിറയുടെ പല രേഖകളും ഉണ്ടായിരുന്നത് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലായിരുന്നു. പിന്നീടാണ് മുകുന്ദപുരം താലൂക്കിന്റെ കിഴില്‍ വന്നത്.
ഇപ്പോൾ ബി ടി ആർ രജിസ്റ്റർ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് വില്ലേജ് ഓഫീസ്. വില്ലേജ് ഓഫീസർ ബിജുമോന്റെ നേതൃത്വത്തിലാണ് രജിസ്റ്റർ പൂർണ്ണമാക്കാനുള്ള നടപടികൾ നടന്നു വരുന്നത്. ഇതിനായി ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററെയും നിയമിച്ചിട്ടുണ്ട്. ഓപ്പറേറ്ററുടെ സഹായത്തോടെ പുതിയ സോഫ്റ്റ്‌വെയർ അനുസരിച്ച് സർവ്വേ നമ്പരുകളിൽ മാറ്റം വരുത്തി കമ്പ്യൂട്ടറിൽ വിവരങ്ങൾ ഉൾപ്പെടുത്താൻ സാധിക്കും. നാലോ അഞ്ചോ മാസത്തിനുള്ളിൽ ഇത് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.