പതിനാറ് സീസൺ നീണ്ട കരിയറിന് വിരാമമിട്ട് സർജിയോ റാമോസ് റയൽ മാഡ്രിഡുമായി വഴിപിരിയുന്നു.

ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച പ്രതിരോധഭടന്മാരിൽ ഒരാളായ റാമോസുമായുള്ള കരാർ പുതുക്കേണ്ടതില്ലെന്ന് ബുധനാഴ്ചയാണ് റയൽ തീരുമാനമെടുത്തത്.

മാഡ്രിഡ്:

ഫുട്ബോളിന്റെ ചരിത്രത്തിലെ പതിനാറ് സീസൺ നീണ്ട കരിയറിന് വിരാമമിട്ട് സർജിയോ റാമോസ് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായി വഴിപിരിയുന്നു. ഫുട്ബോളിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച പ്രതിരോധ ഭടന്മാരിൽ ഒരാളായ റാമോസുമായുള്ള കരാർ പുതുക്കേണ്ടതില്ലെന്ന് ബുധനാഴ്ചയാണ് റയൽ തീരുമാനമെടുത്തത്. ദീർഘകാലം ടീമിന്റെ നായകനായിരുന്ന മുപ്പത്തിയഞ്ചുകാരനായ റാമോസിന് റയലുമായുള്ള കരാർ ജൂണിൽ അവസാനിക്കുകയാണ്. ടീമിന്റെ ഔദ്യോഗിക നിലപാട് പുറത്തുവന്ന ഉടനെ റാമോസ് ക്ലബിനുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് തന്റെ ട്വിറ്റർ ഹെഡ്ഡർ മാറ്റി.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും നാളുകളായി ക്ലബ് അധികൃതരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയായിരുന്നു. എന്നാൽ, മുപ്പത് വയസ് കഴിഞ്ഞ കളിക്കാർക്ക് ഒരു വർഷത്തിൽ കൂടുതൽ കരാർ പുതുക്കി നൽകേണ്ടതില്ലെന്ന് റയൽ പ്രസിഡന്റ് ഫിയോറന്റീനൊ പെരസിന്റെ കടുത്ത നിലപാടാണ് റാമോസിന്റെ വഴിയടച്ചത്. റയലിനുവേണ്ടി 671 മത്സരങ്ങളിൽ നിന്ന് 101 ഗോളുകൾ നേടിയിട്ടുണ്ട് സ്പാനിഷ് ദേശീയ ടീം നായകൻ കൂടിയായ റാമോസ്. സെവിയ്യയ്ക്കു വേണ്ടി കളിച്ചു തുടങ്ങിയ റാമോസ് 2005ലാണ് അന്നത്തെ റെക്കോഡ് തുകയായ 27 ദശലക്ഷം യൂറോയ്ക്ക് റയലിൽ ചേരുന്നത്. ഫിയോറന്റീന പെരസ് പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം റയൽ സ്വന്തമാക്കുന്ന ആദ്യത്തെ സ്പാനിഷ് താരം കൂടിയാണ് റാമോസ്. ഗോൾകീപ്പർ ഇകർ കസീയർ പോർട്ടോയിലേയ്ക്ക് പോയപ്പോഴാണ് 2015ൽ റയലിന്റെ നായകനായത്.

റയൽ വിട്ടാൽ ഭാവി പരിപാടികൾ എന്തായിരിക്കുമെന്ന് റാമോസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്പെയിനിന് ഒരു ലോകകപ്പും രണ്ട് യൂറോയും അടക്കം ഹാട്രിക് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച റാമോസിൽ കണ്ണുവച്ച് മുൻനിരക്കാർ ഇംഗ്ലീഷ് പ്രീമിയർലീഗ് ടീം മാഞ്ചസ്റ്റർ സിറ്റിയാണ്.

Related Posts