എല്ലാ ജില്ലകളിലും ഇളവുകള്‍ നൽകികൊണ്ട് ജൂണ്‍ 9 വരെ ലോക്ഡൗണ്‍ തുടരാനാണ് തീരുമാനം.
പൊതുവെ കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ല എന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം:
സംസ്ഥാനത്ത് രോഗവ്യാപനതോത് ഗണ്യമായി കുറയുന്നുണ്ട്. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് താഴെയാണ്. ഈ സാഹചര്യത്തില്‍ മേയ് 30 മുതല്‍ മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കി. അവിടെ ലോക്ക്ഡൗണ്‍ തുടരും. കര്‍ശനമായി നിയന്ത്രണങ്ങള്‍ ഉണ്ടാകും. എല്ലാ ജില്ലകളിലും മേയ് 31 മുതല്‍ ജൂണ്‍ 9 വരെ ലോക്ഡൗണ്‍ തുടരാനാണ് തീരുമാനം.
ലോക്ഡൗണില്‍ ചില ഇളവുകള്‍ നല്‍കും. അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാണിത്. എല്ലാ വ്യവസായ സ്ഥാപനങ്ങളും (കയര്‍, കശുവണ്ടി മുതലായവ ഉള്‍പ്പെടെ) ആവശ്യമായ മിനിമം ജീവനക്കാരെ (50 ശതമാനത്തില്‍ കവിയാതെ) ഉപയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കാം.
വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) നല്‍കുന്ന സ്ഥാപനങ്ങള്‍, കടകള്‍ എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ 5 മണിവരെ തുറന്നു പ്രവര്‍ത്തിക്കാം.
ബാങ്കുകള്‍ നിലവിലുള്ള ദിവസങ്ങളില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തന്നെ തുടരും. സമയം വൈകുന്നേരം അഞ്ചു മണി വരെ ആക്കി ദീര്‍ഘിപ്പിക്കും.
വിദ്യാഭ്യാസാവശ്യത്തിനുളള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, വിവാഹാവശ്യത്തിനുളള ടെക്സ്റ്റയില്‍, സ്വര്‍ണ്ണം, പാദരക്ഷ എന്നിവയുടെ കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 5 മണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
കള്ളുഷാപ്പുകളില്‍ കള്ള് പാഴ്സലായി നല്‍കാന്‍ അനുമതി നല്‍കും. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകണം പ്രവര്‍ത്തിക്കേണ്ടത്.
പാഴ്വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം നല്‍കി അത് മാറ്റാന്‍ അനുവദിക്കും.
ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ലഭ്യമാക്കണം. ചുരുക്കം രോഗികള്‍ മാത്രമാണുള്ളത്. വ്യത്യസ്തമായ വിലകള്‍ പലരും ഇടാക്കുന്ന അവസ്ഥ വരുന്നുണ്ട്. വലിയ വിലയും ഈടാക്കുന്നു.
വൃദ്ധസദനങ്ങളിലെ മുഴുവന്‍ പേര്‍ക്കും എത്രയും പെട്ടെന്ന് വാക്സിന്‍ നല്‍കും. ആദിവാസി കോളനികളിലും 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് വാക്സിനേഷന്‍ പരമാവധി പൂര്‍ത്തീകരിക്കണം. കിടപ്പുരോഗികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കും.
നവജാത ശിശുക്കള്‍ക്ക് കൊവിഡ് ബാധിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തിലും ആവശ്യമായ ജാഗ്രത പാലിക്കും.
കൂടുതല്‍ വാക്സിന്‍ ജൂണ്‍ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിച്ചാൽ വാക്സിനേഷന്‍ ഊര്‍ജിതമാക്കും. ജൂണ്‍ 15നകം പരമാവധി വാക്‌സിൻ കൊടുക്കും.
ആര്‍ഡി കളക്ഷന്‍ ഏജന്‍റുമാര്‍ക്ക് പോസ്റ്റ് ഓഫീസില്‍ കാശടക്കാന്‍ ആഴ്ചയില്‍ രണ്ടു ദിവസം അനുമതി നല്‍കും. വ്യവസായശാലകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ വണ്ടികള്‍ ഓടിക്കും.
നിയമന ഉത്തരവ് ലഭിച്ചവര്‍ ഓഫീസുകളില്‍ ജോയിന്‍ ചെയ്യാന്‍ കാത്തു നില്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോയിന്‍ ചെയ്യാം. അല്ലാത്തവര്‍ക്ക് സമയം ദീര്‍ഘിപ്പിച്ച് നല്‍കാവുന്നതാണ്.
പ്രവാസികള്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ ഫോണില്‍ നല്‍കുമ്പോള്‍ ആധാര്‍ ലിങ്ക് ചെയ്ത മൊബൈലിലേക്ക് മാത്രമാണ് ഒടിപി സന്ദേശം പോകുന്നതെന്ന പ്രശ്നമുണ്ട്. ഭൂരിഭാഗംപേരും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധപ്പെടുത്തിക്കാണില്ല. അതുകൊണ്ട് നിലവില്‍ കയ്യിലുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി കൊടുക്കാനുള്ള സംവിധാനം ആലോചിക്കും.
212 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 30 ശതമാനത്തിന് മുകളിലാണ് ടിപിആര്‍. 17 സ്ഥാപനങ്ങളില്‍ 50 ശതമാനത്തിന് മുകളിലും. ഈ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രത്യേക പരിശോധന നടത്തും.
ഇടുക്കിയിലെ വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ ഇടുക്കി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
മലപ്പുറത്ത് 25 പഞ്ചായത്തുകളില്‍ കമ്യൂണിറ്റി കിച്ചണും ജനകീയ ഹോട്ടലും ഇല്ല എന്നത് ഗൗരവമാണ്. ജനങ്ങള്‍ക്കു വേണ്ടിയുള്ള പദ്ധതികളാണ് ഇവയൊക്കെ. അക്കാര്യത്തില്‍ ഒരു അലംഭാവവും പാടില്ല. ഇവ നിലവില്‍ ഇല്ലാത്ത പഞ്ചായത്ത് അധികൃതരെ വിളിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇവ ഉണ്ടാക്കുന്നതിനാവശ്യമായ മുൻകൈ ബന്ധപ്പെട്ടവർ എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അണ്‍ലോക്കിന്‍റെ ആദ്യഘട്ടത്തിലെത്തുന്ന സാഹര്യമുണ്ടാകണമെങ്കില്‍ ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഇനിയും കുറവുണ്ടാകണം. ഐസിയു ബെഡുകളുടെ ഉപയോഗം 60 ശതമാനത്തിലും താഴെയാകണം. തുടര്‍ച്ചയായ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലും താഴെയാകണം.
എന്നാല്‍ നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയു ബെഡുകളുടെ 70 ശതമാനത്തിലധികം ഉപയോഗത്തിലാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാകട്ടെ 18 ശതമാനമാണ്. അതോടൊപ്പം നിലവില്‍ രോഗബാധിതരായ മൊത്തം ആളുകളുടെ എണ്ണത്തിലും പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായി ഏഴു ദിവസം കുറവുണ്ടാകണം. ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കപ്പെടുന്ന സാഹചര്യത്തില്‍ മാത്രമേ ലോക്ഡൗണ്‍ ഒഴിവാക്കിയതിനു ശേഷമുള്ള ആദ്യഘട്ട നിയന്ത്രണങ്ങളിലേയ്ക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.