ഹൃദയാഘാതം മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അന്ത്യം.
പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു.
തിരുവന്തപുരം:
പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. കൊവിഡ് ബാധയും തുടർന്നുള്ള ന്യുമോണിയയും മൂലം ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചകിത്സയിലായിരുന്നു. മുന്നൂറിലേറെ ചിത്രങ്ങളിലായി 1200 ലേറെ പാട്ടെഴുതി. മലയാളികളുടെ മനസില്‍ തങ്ങിനില്‍ക്കുന്ന നിരവധി അനശ്വര ഗാനങ്ങള്‍ രചിച്ചു. 1948 ഡിസംബര്‍ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് സമീപം അബൂക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയ ബീവിയുടെയും മകനായി പൂവച്ചലിലാണ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദര്‍ ജനിച്ചത്.
സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തൃശൂര്‍ വലപ്പാട് പോളിടെക്നിക്കില്‍ നിന്ന് എഞ്ചിനീയറിംഗ് ഡിപ്ലോമയും തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ നിന്ന് എഎംഐഇ-യും പാസായി. പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനിയറായിരുന്നു. 1972 -ല്‍ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദര്‍ പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്കുവേണ്ടി ഗാനങ്ങള്‍ രചിച്ചു.
ചാമരം, ചൂള, തകര, പാളങ്ങള്‍, ബെല്‍റ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മില്‍ തമ്മില്‍, സന്ദര്‍ഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ നിരവധി ചിത്രങ്ങളിലെ പാട്ടുകള്‍ ശ്രദ്ധ നേടി. എഴുപത് എണ്‍പത് കാലഘട്ടത്തില്‍ സിനിമാഗാനരംഗത്തു നിറസാന്നിധ്യമായ ഖാദര്‍ കെജി ജോര്‍ജ്, പിഎന്‍ മേനോന്‍, ഐവി ശശി. ഭരതന്‍, പത്മരാജന്‍ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ചു. തിരുവനന്തപുരം പൂവച്ചല്‍ കുഴിയംകൊണം ജമാ അത്ത് പള്ളിയില്‍ ഇന്ന് വൈകീട്ട് സംസ്കാരം നടക്കും. ഭാര്യ- ആമിന, മക്കള്‍- തുഷാര, പ്രസൂന.