പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ബ്രസീൽ.
റിയോ ഡി ജനീറോ:
കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് എ യിൽ നടന്ന മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് ബ്രസീലിന്റെ മഞ്ഞപ്പട തകർത്തു. നെയ്മറും അലെക്സ് സാൻഡ്രോയും എവർട്ടൺ റിബെയ്റോയും റിച്ചാർലിസണും ടീമിനായി സ്കോർ ചെയ്തു.
ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത നെയ്മറിന്റെ മികവിലാണ് ബ്രസീൽ ഗ്രൂപ്പിലെ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയത്. ഇരുടീമുകളും 4-2-3-1 ശൈലിയിലാണ് കളിച്ചത്. ആദ്യ പത്തുമിനിട്ടിൽ ഒരു ഗോളവസരം പോലും സൃഷ്ടിക്കാൻ ബ്രസീലിനോ പെറുവിനോ സാധിച്ചില്ല.
12-ാം മിനിട്ടിലെ മുന്നേറ്റത്തിൽ തന്നെ മഞ്ഞപ്പട പെറുവിന്റെ ഗോൾവല ചലിപ്പിച്ചു. പ്രതിരോധതാരം അലെക്സ് സാൻഡ്രോയാണ് ബ്രസീലിനായി ഗോൾ നേടിയത്. മികച്ച പാസിങ് ഗെയിമിന്റെ ഫലമായാണ് ഗോൾ പിറന്നത്. ഗോൾ വഴങ്ങിയതോടെ പെറു ഉണർന്നുകളിച്ചു. എന്നാൽ ഗോളവസരങ്ങൾ സൃഷ്ടിക്കാൻ പോന്ന മുന്നേറ്റങ്ങൾ ടീമിന് നടത്താനായില്ല. മികച്ച ഒരു സ്ട്രൈക്കറുടെ അഭാവം പെറു ടീമിൽ പ്രകടമായിരുന്നു. കരുത്തുറ്റ ബ്രസീൽ പ്രതിരോധം ആദ്യ പകുതിയിൽ ഭേദിക്കാൻ പെറുവിന് സാധിച്ചില്ല.
68-ാം മിനിട്ടിലാണ് നെയ്മർ ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയത്. പന്തുമായി മുന്നേറിയ നെയ്മറെടുത്ത നിലം പറ്റിയുള്ള ഷോട്ട് പെറു ഗോൾകീപ്പർ ഗലീസിനെ കീഴടക്കി വലയിലെത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും സ്കോർ ചെയ്യാൻ നെയ്മറിന് സാധിച്ചു.
78-ാം മിനിട്ടിൽ പെറുവിന്റെ അലെക്സ് വലേറയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും താരം പന്ത് പുറത്തേക്കടിച്ച് അവസരം നശിപ്പിച്ചു. മത്സരത്തിൽ പെറുവിന് ലഭിച്ച ഏറ്റവും മികച്ച ഗോളവസരമായിരുന്നു ഇത്. പിന്നീട് കളിയിലേക്ക് തിരിച്ചുവരാൻ പെറുവിന് സാധിച്ചില്ല. അവസാന മിനിട്ടുകളിൽ ബ്രസീൽ ചടുലമായ ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. അതിന്റെ ഭാഗമായി 88-ാം മിനിട്ടിൽ എവർട്ടൺ റിബെയ്റോ ബ്രസീലിന്റെ മൂന്നാം ഗോൾ സ്കോർ ചെയ്തു. നെയ്മറാണ് ഗോളിന് വഴിയൊരുക്കിയത്. നെയ്മറിന്റെ ക്രോസിൽ നിന്നും റിബെയ്റോ സ്കോർ ചെയ്തു. പിന്നാലെ റിച്ചാർലിസൺ ബ്രസീലിന്റെ ഗോൾപട്ടിക തികച്ചു. കളിയവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കി നിൽക്കേ ഇൻജുറി ടൈമിലാണ് താരം ഗോൾ നേടിയത്.