പാവറട്ടി ഗ്രാമപഞ്ചായത്തിൽ നാടിന് കരുതലായി സമൂഹ അടുക്കള.

കൊവിഡിന്റെ രണ്ടാം തരംഗത്തിലും വിശന്നിരിക്കുന്ന കുടുംബങ്ങൾക്ക് അന്നം ഊട്ടി മാതൃകയാവുകയാണ് പാവറട്ടി ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കള.

പാവറട്ടി:

കൊവിഡ് വ്യാപന ഭീതി നിലനിൽക്കെ ആരംഭിച്ച സമൂഹ അടുക്കള കൊവിഡ് രോഗികൾക്ക് വേണ്ടി മാത്രമല്ല പ്രവർത്തിക്കുന്നത് എന്നതാണ് പാവറട്ടി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനത്തെ വേറിട്ടതാക്കുന്നത്. 

കൊവിഡ് രോഗം സ്ഥിരീകരിച്ച കുടുംബങ്ങൾക്ക് ഉൾപ്പെടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കും മറ്റിടങ്ങളിൽ നിന്ന് വന്ന് ക്വാറൻ്റൈനിൽ ഇരിക്കുന്നവർക്കും ലോക്ഡൗണിനെ തുടർന്ന് തിരിച്ച് നാട്ടിലേയ്ക്ക് പോകാനാകാതിരിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കും സമൂഹ അടുക്കളയിൽ നിന്ന് മൂന്ന് നേരവും ഭക്ഷണം നൽകി വരുന്നുണ്ട്. ഇത് കൂടാതെ പഞ്ചായത്തിൽ സജ്ജീകരിച്ചിട്ടുള്ള ഡൊമിസിലറി കെയര്‍ സെന്ററുകളിൽ താമസിക്കുന്നവർക്കും ഭക്ഷണം നൽകി വരുന്നുണ്ട്. ആദ്യഘട്ടത്തിൽ 70 കുടുംബങ്ങൾക്കായി ആരംഭിച്ച ഭക്ഷണ വിതരണമാണ് നിലവിൽ 225 ഓളം കുടുംബങ്ങൾക്കായി എത്തിച്ചു നൽകുന്നത്. 

പഞ്ചായത്തിലെ തന്നെ വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് സമൂഹ അടുക്കളയുടെ ചെലവ് വഹിക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിന് വേണ്ട ഗ്യാസ്,  കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്കുള്ള വേതനം തുടങ്ങിയ ചിലവുകൾ വഹിക്കുന്നത് ഗ്രാമപഞ്ചായത്തുമാണ്. പാവറട്ടി സെൻ്റ് ജോസഫ് പാരിഷ് ഹാളിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയുടെ പ്രവർത്തനം പുലർച്ച 5 മണി മുതൽ രാത്രി 8.30 വരെയാണ്.

തയ്യാറാക്കുന്ന ഭക്ഷണം ആർ ആർ ടി അംഗങ്ങൾ മുഖേനയണ് വീടുകളിൽ എത്തിക്കുന്നത്. രോഗവ്യാപന ഘട്ടത്തിൽ മൂന്ന് നേരത്തെ ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതിലൂടെ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഭക്ഷണം നൽകി താങ്ങാവുകയാണ് പാവറട്ടിയിലെ സമൂഹ അടുക്കള.

Related Posts