ഫോട്ടോ ഷൂട്ടിനായി 18 ലക്ഷത്തിൻ്റെ സോഫയിൽ ബൂട്ടിട്ട് കയറിനിന്ന് സോനം കപൂർ, ഭർത്താവ് ആനന്ദ് അഹൂജയുടെ പ്രതികരണം ഇങ്ങനെ
ഫോട്ടോ ഷൂട്ടിനായി 18 ലക്ഷം രൂപ വിലയുള്ള ഇറ്റാലിയൻ സോഫയിൽ ബൂട്ടിട്ട് കയറി നിന്ന് സോനം കപൂർ. ലണ്ടനിലെ നോട്ടിങ്ങ് ഹില്ലിലുള്ള സോനത്തിൻ്റെയും ഭർത്താവ് ആനന്ദ് അഹൂജയുടെയും ആഡംബര വസതിയിലായിരുന്നു ആർകിടെക്ചറൽ ഡിസൈൻ എന്ന അമേരിക്കൻ മാസികയ്ക്കു വേണ്ടിയുള്ള ഫോട്ടോഷൂട്ട് നടന്നത്.
സോഫയിൽ ഇരിക്കുമ്പോഴെല്ലാം തനിക്ക് ഈ ചിത്രം ഓർമ വരുമെന്ന് ചിത്രത്തിനു താഴെ ആനന്ദ് അഹൂജ പ്രതികരിച്ചു. ആനന്ദക്കണ്ണീർ പൊഴിക്കുന്ന ഇമോജികൾക്കൊപ്പമുള്ള അഹൂജയുടെ രസകരമായ കമൻ്റിന് "സോറി, പുതിയ സോഫയിൽ ഞാൻ കേറിനിന്നു" എന്നാണ് സോനത്തിൻ്റെ പ്രതികരണം.
ആർകിടെക്ചറൽ ഡൈജസ്റ്റ് ഇന്ത്യയുടെ ഏറ്റവും പുതിയ പതിപ്പിനായാണ് ലണ്ടനിലെ സോനത്തിൻ്റെ ആഡംബര ഫ്ലാറ്റിനകത്തും ക്രിയേറ്റീവ് സ്റ്റുഡിയോയിലും ചിത്രീകരണം നടന്നത്. പർപ്പിൾ നിറത്തിലുള്ള മനോഹരമായ ഉടുപ്പിലും
കറുത്ത ബൂട്ടിലും സുന്ദരിയായ സോനം, നീലയും ഇരുണ്ട നീലയും കലർന്ന കെമലിയോൻഡ സോഫയിൽ കേറിനിന്ന് അരക്കെട്ടിൽ കൈകുത്തി നിൽക്കുന്ന ദൃശ്യമാണ് പകർത്തിയത്. മരിയോ ബെല്ലിനി ഡിസൈൻ ചെയ്ത കെമലിയോൻഡയുടെ മൂന്ന് സീറ്റുള്ള കൗച്ചാണ് ചിത്രത്തിലുള്ളത്. ചുറ്റുപാടിനനുസരിച്ച് നിറം ആകർഷകമായി മാറുന്ന ഓന്ത് അഥവാ 'കെമലിയൺ' എന്ന വാക്കിൽ നിന്നാണ് ഫർണീച്ചറിന് ആ പേര് വന്നത്. 'ഓൺഡ' എന്ന ഇറ്റാലിയൻ വാക്കിൻ്റെ അർഥം 'തരംഗം' എന്നാണ്. ഏകദേശം 18,000 പൗണ്ട് വിലയുള്ള സോഫയ്ക്ക് ഇന്ത്യയിൽ 18 ലക്ഷത്തിനടുത്ത് വില വരും.
ആനന്ദും താനും ആദ്യമായി ഫ്ലാറ്റിലേക്ക് കാലെടുത്തു വെച്ചതിനെപ്പറ്റി പോസ്റ്റിൽ സോനം ആവേശം കൊള്ളുന്നുണ്ട്. കാലെടുത്തു വെച്ച നിമിഷം തന്നെ അത് തങ്ങളുടെ വീട് പോലെ തോന്നി എന്നാണ് സോനത്തിൻ്റെ വാക്കുകൾ. നോട്ടിംഗ് ഹില്ലിൽ സ്ഥിതിചെയ്യുന്ന രണ്ടര ബെഡ്‌റൂം സ്ഥലമാണിത്. തങ്ങളുടെ ജീവിതത്തിന് പറ്റിയ ഇടം.
വീടിനെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകൾ മുഴുവൻ പ്രതിഫലിക്കുന്ന രീതിയിലാണ് ഇൻ്റീരിയർ ചെയ്തതെന്ന് സോനം പറയുന്നു. എല്ലായ്പ്പോഴും എന്നപോലെ, റൂഷാദും താനും സഹകരിച്ചാണ് ഡിസൈൻ ചെയ്തത്. ഒരാളുടെ ആവശ്യങ്ങൾക്കും വ്യക്തിപരമായ അഭിരുചികൾക്കും അനുസൃതമായി സ്ഥലം ക്യൂറേറ്റ് ചെയ്യുന്നതിൽ റൂഷാദ് വളരെ പ്രാവീണ്യമുള്ളയാളാണെന്ന് ഇൻ്റീരിയർ ഡിസൈനറെ സോനം അകമഴിഞ്ഞ് അഭിനന്ദിക്കുന്നുണ്ട്.
'ബ്ലൈൻഡ് ' എന്ന ചിത്രത്തിലാണ് സോനം അടുത്തതായി അഭിനയിക്കുന്നത്. 2019 ൽ പുറത്തിറങ്ങിയ 'ദി സോയ ഫാക്ടറി'ലാണ് അവർ അവസാനമായി അഭിനയിച്ചത്. ദുൽഖർ സൽമാനായിരുന്നു ചിത്രത്തിലെ നായകൻ. കഴിഞ്ഞ വർഷം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത അനിൽകപൂർ-അനുരാഗ് കശ്യപ് ചിത്രം എ കെ വേഴ്സസ് എ കെ യിൽ അതിഥി വേഷത്തിലും എത്തിയിരുന്നു.