ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ട്രയൽ ക്ലാസുകളുടെ ടൈംടേബിളായി.

ട്രയൽ ക്ലാസിന്റെ അനുഭവം കൂടി കണക്കിലെടുത്തായിരിക്കും തുടർക്ലാസുകളും അന്തിമ ടൈംടേബിളും നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി ഇ ഒ കെ അൻവർ സാദത്ത്.

തിരുവനന്തപുരം:

ജൂൺ 1 മുതൽ ട്രയൽ അടിസ്ഥാനത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിൾ കൈറ്റ് പ്രസിദ്ധീകരിച്ചു. അംഗണവാടി കുട്ടികൾക്കുള്ള 'കിളിക്കൊഞ്ചൽ' ജൂൺ ഒന്നു മുതൽ നാലു വരെ രാവിലെ 10.30 നായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം ജൂൺ ഏഴു മുതൽ 10 വരെ നടത്തും.

പ്ലസ്ടു ക്ലാസുകൾക്ക് ജൂൺ ഏഴു മുതൽ 11 വരെയാണ് ആദ്യ ട്രയൽ. രാവിലെ എട്ടര മുതൽ 10 മണി വരെയും വൈകുന്നേരം അഞ്ച് മുതൽ ആറ് മണി വരെയുമായി ദിവസവും അഞ്ചു ക്ലാസുകളാണ് ഉണ്ടാകുക. ജൂൺ 14 മുതൽ 18 വരെ ഇതേ ക്രമത്തിൽ ക്ലാസുകൾ പുനഃസംപ്രേഷണം ചെയ്യും.

ഒന്നു മുതൽ പത്തു വരെ ക്ലാസുകളുടെ ആദ്യ ട്രയൽ ജൂൺ രണ്ട് മുതൽ നാല് വരെയായിരിക്കും. ഇതേ ക്ലാസുകൾ ജൂൺ ഏഴു മുതൽ 12 വരെയും പുനഃസംപ്രേഷണം ചെയ്യും. പത്താം ക്ലാസിനുള്ള മൂന്നു ക്ലാസുകൾ ഉച്ചയ്ക്ക് 12.00 മുതൽ 1.30 വരെയാണ്.

ഒന്നാം ക്ലാസുകാർക്ക് രാവിലെ 10 നും രണ്ടാം ക്ലാസുകാർക്ക് 11 നും മൂന്നാം ക്ലാസുകാർക്ക് 11.30 നുമാണ് ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകൾ. നാല്(ഉച്ചക്ക് 1.30) അഞ്ച്(ഉച്ചക്ക് 2) ആറ്(2.30), ഏഴ്(03.00), എട്ട്(3.30) എന്ന ക്രമത്തിൽ ട്രയൽ ക്ലാസുകൾ ഓരോ പീരിയഡ് വീതമായിരിക്കും.

ഒൻപതാം ക്ലാസിന് വൈകുന്നേരം നാല് മുതൽ അഞ്ച് വരെ രണ്ടു ക്ലാസുകളുണ്ടായിരിക്കും.

ട്രയൽ ക്ലാസിന്റെ അനുഭവം കൂടി കണക്കിലെടുത്തായിരിക്കും തുടർക്ലാസുകളും അന്തിമ ടൈംടേബിളും നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി ഇ ഒ കെ അൻവർ സാദത്ത് അറിയിച്ചു.

കുട്ടികളുടെ സൗകര്യത്തിന് ക്ലാസുകൾ പിന്നീട് കാണാനുള്ള സൗകര്യം firstbell.kite.kerala.gov.in ൽ ഒരുക്കും. കൈറ്റ് വിക്ടേഴ്‌സ് ലൈവ് ലിങ്കും ടൈംടേബിളും ഇതേ സൈറ്റിൽ ലഭ്യമാക്കും.

Related Posts