ഫോൺ വിളിക്കൂ, കയ്പമംഗലത്ത് ഇനി കെ എസ് ഇ ബി വീട്ടിൽ വരും.

കയ്പമംഗലം:

പുതിയ വൈദ്യുതി കണക്ഷൻ വേണോ അതോ കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റണോ? ആവശ്യം എന്തുമാകട്ടെ ഒരു ഫോൺകോളിൽ ഇനിമുതൽ കയ്പമംഗലം കെ എസ് ഇ ബി സെക്ഷനിൽ നിന്ന് സേവനം ഉറപ്പാണ്. ടോൾ ഫ്രീ നമ്പറായ 1912ലോ 9496009568 എന്ന നമ്പറിലോ വിളിച്ച് സേവനം ഉറപ്പാക്കാം. ചെയ്യേണ്ടേത് ഇത്ര മാത്രം. ഈ നമ്പറുകളിൽ വിളിച്ച് ഫോൺനമ്പർ രജിസ്റ്റർ ചെയ്യുക. വൈദ്യുതി ബോർഡ് ജീവനക്കാർ അപേക്ഷാഫോറം ഉൾപ്പെടെയുള്ള രേഖകളുമായി വീട്ടിലെത്തും. സംസ്ഥാന 'വൈദ്യുതി ബോർഡിന്റെ വൈദ്യുതിസേവനങ്ങൾ വാതിൽപ്പടിയിൽ' എന്ന പദ്ധതിക്കാണ് കയ്പമംഗലം കെ എസ് ഇ ബിയിൽ തുടക്കമായത്. 

വൈദ്യുതി ബോർഡിന്റെ പല സേവനവും ഇനി കയ്പമംഗലം സെക്ഷൻ പരിധിയിലെ വീട്ടുപടിക്കലെത്തും. പുതിയ കണക്‌ഷൻ, കണക്‌ഷന്റെ ഉടമസ്ഥാവകാശമാറ്റം, ലോഡ്, താരിഫ് എന്നിവയുടെ മാറ്റം, വൈദ്യുതലൈനും മീറ്ററും മാറ്റൽ തുടങ്ങിയവയ്ക്ക് ഉപഭോക്താവ് ഇനി ഫോണിൽ വിളിച്ച് രജിസ്റ്റർചെയ്താൽ മതി. ഉപഭോക്താവിനെ ബന്ധപ്പെട്ട് അപേക്ഷ തയ്യാറാക്കുന്നതു മുതൽ സേവനം ഉറപ്പാക്കുന്നതുവരെയുള്ള നടപടികൾ വൈദ്യുതി ബോർഡ് ജീവനക്കാർ പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ ഗാർഹിക ഉപഭോക്താക്കൾക്കാണ് വാതിൽപ്പടി സേവനം ലഭിക്കുക.

പേര്, വിലാസം, കൺസ്യൂമർ നമ്പർ (നിലവിൽ കൺസ്യൂമറാണെങ്കിൽ) ഫോൺ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യുന്നതോടെ അപേക്ഷ സ്വീകരിച്ചതിന്റെ സൂചകമായി അപേക്ഷകന് ഒരു ഡോക്കറ്റ് നമ്പർ ലഭിക്കും. സേവന കേന്ദ്രത്തിലെ ഓപറേറ്റർ വിവരങ്ങൾ സി സി സി മൊഡ്യൂളിൽ രേഖപ്പെടുത്തുകയും തത്സമയം ബന്ധപ്പെട്ട സെക്ഷൻ ഓഫീസിലെ ടെർമിനലിൽ ലഭ്യമാവുകയും ചെയ്യുന്നു. 

സെക്ഷൻ ഓഫീസിലെ ഫ്രണ്ട് ഓഫീസ് ചുമതലയുള്ള ഉദ്യോഗസ്ഥൻ ഈ വിവരങ്ങൾ പരിശോധനാ ഉദ്യോഗസ്ഥന് കൈമാറുന്നു. പരിശോധനാ ഉദ്യോഗസ്ഥൻ അപേക്ഷകനെ ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങൾ ഉറപ്പു വരുത്തിയതിന് ശേഷം സ്ഥലപരിശോധനാ സമയവും ഏതൊക്കെ രേഖകൾ കരുതണമെന്നും അറിയിക്കും. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് വിവരങ്ങളും രേഖകളും മൊബൈൽ ആപ്പിൽ ഉൾപ്പെടുത്തും. എസ്റ്റിമേറ്റിന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഫീസും ചെലവും ഓൺലൈനായോ നേരിട്ടോ അടയ്ക്കാം. സേവനം ഉറപ്പാക്കുന്നതുവരെ ഉദ്യോഗസ്ഥമേൽനോട്ടവും ലഭിക്കും. 

വൈദ്യുതി ബോർഡിന്റെ സേവനങ്ങൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാൻ നേരത്തെ തന്നെ സൗകര്യമുണ്ടെങ്കിലും പലരും അതുപയോഗിക്കാതെ സാമ്പ്രദായികരീതി തുടരുകയാണ്. 

ഇത് കൂടുതൽ ലളിതമാക്കി ജനങ്ങളിലേക്ക് എത്തിച്ച് പരമാവധി ഉപഭോക്തൃ സംതൃപ്തി ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു പദ്ധതി ഉദ്‌ഘാടനം ചെയ്തു. കെ എസ് ഇ ബി കൊടുങ്ങല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സുധർമ്മൻ, കയ്പമംഗലം ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ കെ പി സുനിൽ എന്നിവർ പങ്കെടുത്തു. അപകടം സംബന്ധിച്ച പരാതികൾക്ക് 9496010101 എന്ന നമ്പറിലും വൈദ്യുതി സംബന്ധിച്ച പരാതികൾക്ക് 0480 2844213, 9496009567 എന്ന നമ്പറുകളിലോ വിളിക്കാമെന്ന് കയ്പമംഗലം ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Related Posts