ബക്രീദ് ഇളവുകളിൽ കടകളും സ്ഥാപനങ്ങളും തുറന്നതോടെ ജില്ലയിലുടനീളം തെരുവുകളിൽ തിരക്കനുഭവപ്പെട്ടു.
തൃശ്ശൂർ :
കൊവിഡ് വ്യാപനം മൂലം ഏർപ്പെടുത്തിയ ലോക്ഡൗണിൽ ബക്രീദിന്റെ ഇളവുകളുടെ ഭാഗമായി കടകളും സ്ഥാപനങ്ങളും തുറന്നതോടെ ജനജീവിതം സാധാരണ നിലയിലായി. ബക്രീദ് ഇളവുകളിൽ ജില്ലയിലെ മുഴുവൻ കടകളും തിങ്കളാഴ്‌ച തുറന്നിരുന്നു. കൊവിഡ് മാനദണ്ഡം പാലിച്ച് കർശന നിയന്ത്രണങ്ങളോടെയാണ് കടകൾ തുറന്നത്. ബലിപെരുന്നാൾ പ്രമാണിച്ച് നൽകിയ ഇളവുകൾ ബുധനാഴ്‌ച വരെ തുടരും. തിങ്കളാഴ്‌ച ജനജീവിതം സാധാരണ നിലയിലായിരുന്നു. സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സർവീസ് നടത്തി. നിയന്ത്രണങ്ങളില്ലാതെയാണ് ജനം പുറത്തിറങ്ങിയത്. കടകമ്പോളങ്ങളും ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും തുറന്നു. വാഹനങ്ങൾ കൂടുതൽ റോഡിലിറങ്ങിയതോടെ തെരുവുകൾ സജീവമായി.
ഇരട്ട മാസ്ക് ധരിച്ചാണ് ജനം പുറത്തിറങ്ങുന്നത്. ഹോട്ടലുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും പാഴ്‌സൽ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങളോടെ 40 പേരെ പ്രവേശിപ്പിക്കാൻ അനുമതിയുണ്ട്. ഓഫീസുകളും കടകളും തുറന്നതോടെ നാടും നഗരവും തിരക്കിലമർന്നു. രാവിലെ ഏഴു മുതൽ രാത്രി എട്ടുവരെ കടകൾ തുറക്കാനാണ് അനുമതി.