ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ മാത്രം 52 കോടി; ലോക്ഡൗൺ ഇളവ് തുടങ്ങിയ ആദ്യദിനം റെക്കോഡ് മദ്യവിൽപന.
ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യ വില്‍പ്പന തുടങ്ങിയ ആദ്യദിനമായ ഇന്നലെ വിറ്റത് 52 കോടിയുടെ മദ്യം. ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ചില്ലറ വില്‍പ്പന ശാലകള്‍ വഴിയുള്ള കച്ചവടത്തിന്റെ കണക്കാണിത്. ബാറുകളിലെ വില്‍പ്പന ഇതിനു പുറമേയാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്ഥാപന പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളുമാണ് തുറന്നത്. രാവിലെ 9 മണിക്ക് വില്‍പ്പന ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിന് മുന്നേ തന്നെ വലിയ ക്യൂ ആയിരുന്നു മദ്യവില്‍പ്പന ശാലകളില്‍ ഉണ്ടായത്.
സാധാരണ ആഘോഷ സമയങ്ങളിലാണ് സംസ്ഥാനത്ത് റെക്കോർഡ് മദ്യ വിൽപ്പന നടക്കാറുള്ളത്. എന്നാൽ മുമ്പുള്ളതിനേക്കാൾ പ്രവർത്തി സമയം 2 മണിക്കൂർ കുറഞ്ഞിട്ടും അത് വിൽപ്പനയെ ബാധിച്ചില്ല.
ബെവ്ക്യു ആപ്പ് വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമായി മദ്യവില്‍പ്പന പരിമിതപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനമെങ്കിലും പ്രായോഗിക പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സംസ്ഥാനത്തെ 90 ശതമാനം ഔട്ട്ലെറ്റുകളും തുറന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിവറേജസ് കോര്‍പറേഷന് 1700 കോടി രൂപയുടെ വില്‍പ്പന നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. എന്നാൽ അടഞ്ഞു കിടക്കുന്ന 40 ഔട്ട്ലറ്റുകൾ കൂടി തുറക്കുന്നതോടെ വരുമാന വർദ്ധന ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.