ചൈനീസ് തായ്പേയ് ടീമിനെ 5-3 എന്ന സ്കോറിന് തകർത്ത് ഇന്ത്യയുടെ മുന്നേറ്റം.
മിക്സഡ് റീകർവ് അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ യാദവ് സഖ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
ടോക്യോ:ടോക്യോ ഒളിമ്പിക്സിൽ മിക്സഡ് റീകർവ് അമ്പെയ്ത്ത് പ്രീ ക്വാർട്ടറിൽ മത്സരത്തിൽ ചൈനീസ് തായ്പേയ് ടീമിനെ 5-3 എന്ന സ്കോറിന് തകർത്ത് ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ യാദവ് സഖ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആദ്യം പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചടിച്ചാണ് ദീപികയും പ്രവീണും ചൈനീസ് തായ്പേയ് താരങ്ങളായ ലിൻ ചിയ എന്നിനെയും ടാങ് ചിഹ് ചുനിനെയും കീഴടക്കിയത്.
ഇന്നലെയാണ് അതാനു ദാസിന് പകരം പ്രവീൺ യാദവിനെ മിക്സഡ് ടീം മത്സരത്തിൽ ദീപികയ്ക്കൊപ്പം മത്സരിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്. വ്യക്തിഗത മത്സരത്തിൽ അതാനു ദാസിനേക്കാൾ മികച്ച പ്രകടനം താരം പുറത്തെടുത്തതോടെയാണ് പ്രവീണിന് നറുക്കുവീണത്. ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മത്സരം ഇന്ന് രാവിലെ 11 മണിക്ക് ആരംഭിക്കും.