പോർച്ചുഗൽ ജയം അവസാന ആറ് മിനിറ്റിലെ 3 ഗോളിൽ.
മൂന്നടിച്ചു പോർച്ചുഗൽ, വിറപ്പിച്ചു ഹംഗറി.
ബുഡാപെസ്റ്റ് :
മരണ ഗ്രൂപ്പ് എന്ന് അറിയപ്പെടുന്ന ഗ്രൂപ്പ് എഫിൽ പോർച്ചുഗലിന് ഹംഗറിക്കെതിരെ 3-0 ആദ്യ ജയം. ബുഡാപെസ്റ്റിൽ 60,000 ൽ പകുതിയിലധികവും വരുന്ന ഹംഗറിയുടെ സ്വന്തം കാണികൾക്കു മുന്നിൽ 3-0 ന് ജയിച്ച പോർച്ചുഗലിനെ 80 മിനിറ്റിലധികം ഗോൾ അടിപ്പിക്കാതെ പിടിച്ചു നിർത്തിയ ഹംഗറിയുടെ പോരാട്ടം എടുത്തുപറയേണ്ടതാണ്.
രണ്ടാം പകുതിയിലെ പോർച്ചുഗലിന്റെ രണ്ടാം ഗോളിൽ പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോയിലെ തന്റെ പത്താം ഗോളിലൂടെ യൂറോയുടെ എക്കാലത്തെയും ടോപ് സ്കോറർ ആയി. മൂന്നു മിനിറ്റിനുള്ളിൽ പതിനൊന്നാമത് ഗോൾ കൂടി റൊണാൾഡോ സ്കോർ ചെയ്തു.
ഹംഗറിയുടെ ഗോൾവല കാത്ത് ആർബി ലീപ്സിഗ് ഗോൾകീപ്പർ പീറ്റർ ഗുലാസി പാറ പോലെ ഉറച്ചു നിന്നത് പോർച്ചുഗലിന് ഏറെ സമ്മർദ്ദത്തിലാക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രൂണോ ഫെർണാണ്ടസ് രണ്ടാം പകുതിയിൽ 25 യാർഡിൽ നിന്ന് തൊടുത്തുവിട്ട ഷോട്ട് പെപെയിലൂടെ ഒരു കിടിലൻ ഹെഡ്ഡറിലൂടെ ഗോൾ എന്നുറച്ച നിമിഷം കീപ്പർ പീറ്റർ തകർപ്പൻ സേവ്, വലതുഭാഗത്തേക്ക് പറന്നു പന്ത് പുറത്തേക്ക് തള്ളി വിട്ടു.
ഗോൾ വേട്ടയിൽ റെക്കോർഡിട്ട റൊണാൾഡോ ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ രണ്ടോ അതിലധികമോ ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ കൂടിയായി മാറി. ആദ്യപകുതിയിൽ ചാൻസ് നഷ്ടപ്പെടുത്തിയെങ്കിലും രണ്ടാം പകുതിയിൽ പെനാൽറ്റി അടക്കം രണ്ടു ഗോൾ നേടിയാണ് പ്രായശ്ചിത്തം ചെയ്തത്. രണ്ടാം പകുതിയിൽ ഷോണിലൂടെ ഹംഗറി മുന്നിലെത്തിയെന്ന് കരുതിയതാണ്, എന്നാൽ ഓഫ്‌സൈഡിൽ കുരുങ്ങി.
ഹംഗറി അവരുടെ ഗ്രൗണ്ടിൽ വളരെ മികച്ചവരായിരുന്നു, സെറ്റ് പീസുകളിൽ നിന്ന് അപകടകാരികളായിരുന്നു.അടുത്ത കളികളിൽ ജർമനിയോടും ഫ്രാൻസിനോടും സമനിലയ്ക്കു വേണ്ടി തന്നെയാകും ഹംഗറി പോരാടുക.
ഇക്ബാൽ മുറ്റിച്ചൂർ.