നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ തീരുമാനം.
മുനയ്ക്കല്‍ മുസിരിസ് ഡോള്‍ഫിന്‍ ബീച്ച് അന്താരാഷ്ട്ര നില വാരത്തിലേക്ക്.
അഴിക്കോട് :
സംസ്ഥാനത്തെ ഏറ്റവും വിസ്തൃതിയേറിയ മണല്‍പ്പരപ്പോടുകൂടിയ അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ഡോള്‍ഫിന്‍ ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ വേണ്ട നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ തീരുമാനം. ടൂറിസം മന്ത്രി അഡ്വ പി എം മുഹമ്മദ് റിയാസ് നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയതായി ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അറിയിച്ചു. പദ്ധതി പ്രദേശം സന്ദര്‍ശിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയാണ് നടപടികള്‍ മുന്നോട്ടു കൊണ്ടു പോവുക. കേരളത്തിലെ ശ്രദ്ധേയവും വിപുലമായതുമായ ബീച്ചായി അഴീക്കോടിനെ മാറ്റാനുള്ള മുഴുവന്‍ എസ്റ്റിമേറ്റ് തുകയും മുസിരിസ് പൈതൃക പദ്ധതിയിലൂടെ അനുവദിക്കുമെന്നാണ് ഈ വര്‍ഷത്തെ ബഡ്ജറ്റ് പ്രഖ്യാപനത്തിലും വ്യക്തമാക്കിയിരിക്കുന്നത്.
അഴീക്കോട് മുനയ്ക്കല്‍ ഡോള്‍ഫിന്‍ ബീച്ച് മുസിരിസ് പൈതൃക പദ്ധതിയുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. 'ഗേറ്റ് വേ ഓഫ് മുസിരിസ്' എന്ന പേരില്‍, ചരിത്രവും പൈതൃകവും സമന്വയിപ്പിച്ച് സംസ്ഥാനത്തെ ആദ്യത്തെ പൈതൃക ബീച്ചാക്കി മാറ്റിയെടുക്കുവാനുള്ള അന്താരാഷ്ട്ര നിലവാരമുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടുന്നതിന്‍റെ ഭാഗമായി 2019ലാണ് ജില്ലാ വിനോദസഞ്ചാര പ്രമോഷന്‍ കൗണ്‍സില്‍, ബീച്ച് മുസിരിസ് പൈതൃക പദ്ധതിക്ക് കൈമാറിയത്. ബീച്ചിന്‍റെ സൗന്ദര്യവത്കരണത്തിന് മുസിരിസ് ഹെറിറ്റേജ് ആന്‍റ് സ്പൈസസ് റൂട്ട് പ്രോജക്ടില്‍ നിന്ന് ആറുകോടി രൂപ അനുവദിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 2021 ഫെബ്രുവരിയില്‍ തുടക്കമിട്ടു കഴിഞ്ഞു.
അഴീക്കോട് കടല്‍ത്തീരത്തായി ചൂളമരക്കാടുകളും ചീനവലകളും മിയോവാക്കി വനവും ഉള്‍പ്പെടെയുള്ള വിശാലമായ മണല്‍പ്പരപ്പോടുകൂടിയ 30 ഏക്കറിലധികം വരുന്നതാണ് ബീച്ച്. ഇപ്പോള്‍ നിലവിലുള്ള പരിമിതമായ സൗകര്യങ്ങള്‍ ആധുനിക സംവിധാനങ്ങളോടെ വിപുലപ്പെടുത്തി, പ്രകൃതിസൗന്ദര്യം പൂര്‍ണമായി നിലനിര്‍ത്തിക്കൊണ്ടുള്ള സൗന്ദര്യവത്കരണമാണ് ലക്ഷ്യമിടുന്നത്. സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി കൂടുതല്‍ ശില്‍പങ്ങളും ഇരിപ്പിടങ്ങളും വഴിവിളക്കുകളും നടപ്പാതകളും സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം വെച്ചിട്ടുണ്ട്. നിലവില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള റാംപുകള്‍, നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, ശൗചാലയങ്ങള്‍, കഫേ, കുട്ടികളുടെ പാര്‍ക്ക്, സാംസ്കാരിക പരിപാടികള്‍ക്കായി വിശാലമായ സ്റ്റേജ് എന്നിവ ഇവിടെയുണ്ട്. ഇത് കൂടുതല്‍ വിപുലീകരിക്കും. കൂടാതെ ഫുട്ബോള്‍, വോളിബോള്‍ തുടങ്ങിയ കായിക ഇനങ്ങള്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍, കടലും കായലും സംഗമിക്കുന്ന അഴിമുഖത്തിനഭിമുഖമായി സ്ഥിതിചെയ്യുന്ന ബീച്ചില്‍ സൂര്യാസ്തമയം ദര്‍ശിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കും. പദ്ധതിയുടെ ഭാഗമായി നേരത്തെ തന്നെ ബീച്ചിന്‍റെ ഒരുഭാഗത്ത് 20 സെന്‍റ് സ്ഥലത്ത് മിയോവാക്കി കാടുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. കിഴക്കുഭാഗത്ത് വിപുലമായ സൗകര്യമുള്ള ബോട്ടുജെട്ടിയുടെ നിര്‍മ്മാണവും ആരംഭിച്ചു കഴിഞ്ഞു. ഇവിടെ നിന്ന് മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങളിലേയ്ക്ക് ടൂറിസ്റ്റുകളെ ബന്ധിപ്പിക്കാനാകും.
ജില്ലയിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രം എന്ന വിശേഷണത്തിനും ഈ ബീച്ച് അര്‍ഹമായിട്ടുണ്ട്. കോവിഡും ലോക്ഡൗണും മൂലമുള്ള പ്രതിസന്ധികള്‍ കഴിയുന്നതോടെ നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കുമെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ് അറിയിച്ചു. കോടികള്‍ ചെലവഴിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങളും നിര്‍മാണങ്ങളും പൂര്‍ത്തിയാകുന്നതോടെ മുനയ്ക്കല്‍ ബീച്ച് ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കും.