നാട്ടിക പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ലോക്ഡൗൺ മൂലം ദുരിതത്തിൽ ആയ സഹോദരങ്ങൾക്കാണ് എ ഐ വൈ എഫ് പ്രവർത്തകർ വീടൊരുക്കി നൽകിയത്.
മാനസിക വൈകല്യം നേരിടുന്ന സുധിക്കും സഹോദരി ഗീതക്കും വീടൊരുക്കി നൽകി എ ഐ വൈ എഫ്.
നാട്ടിക:
ജന്മനാ മനസികവൈകല്യമുള്ള നാല്പത്തിയാറുകാരൻ സുധിക്ക് കൂട്ടായി ഉള്ളത് 51 വയസ്സുള്ള അവിവാഹിതയായ സഹോദരി ഗീതയാണ്. അഞ്ച് മക്കളടങ്ങുന്ന കുടുംബമായിരുന്നു. അച്ഛനും അമ്മയും മരണപ്പെട്ടപ്പോൾ സുധിയെ ഉപേക്ഷിച്ച് മറ്റ് മൂന്ന് മക്കളും വേറെ പോയെങ്കിലും അയൽവീടുകളിൽ അടുക്കളപണി ചെയ്തും, കൂലിവേലകൾ ചെയ്തും സുധിക്ക് താങ്ങായി നിന്നത് ഗീതയാണ്.
ആരോഗ്യപരമായ കാരണങ്ങളാൽ ഗീതക്ക് പണിക്ക് പോകാൻ കഴിയാതെ വന്നു. മരങ്ങൾ ദ്രവിച്ചു തകർന്നു ചോർന്നൊലിക്കുന്ന വീട്ടിൽ സന്നദ്ധ പ്രവർത്തകരും സർക്കാരും നൽകുന്ന ഭക്ഷ്യകിറ്റുകളായിരുന്നു ഇവരുടെ ആശ്രയം. സർക്കാരിന്റെ പെൻഷൻ മാത്രമാണ് ഇവരുടെ ഏക വരുമാനം. മറ്റ് മക്കള് അവകാശം നൽകാത്തതിനാൽ സർക്കാരിന്റെ പദ്ധതികളിലും വീടൊരുക്കാൻ കഴിയാത്ത ഇവരുടെ വീടിന്റെ ശോചനീയാവസ്ഥ പ്രദേശവാസികൾ ബ്ലോക്ക് പഞ്ചായത്ത് മൂത്തകുന്നം ഡിവിഷൻ മെമ്പർ ബിജോഷ് ആനന്ദിനെ അറിയിച്ചു. വിവരമറിഞ്ഞ എ ഐ വൈഎഫ് നാട്ടിക മേഖല കമ്മിറ്റി അവസ്ഥ മനസിലാക്കി ഉടനെ തന്നെ 20000 രൂപയോളം ചിലവിൽ ഓഡിറക്കി ദ്രവിച്ച മരങ്ങൾ മാറ്റി മേൽക്കൂര ഉറപ്പിച്ച് ഓടുപാകിയും മറ്റു ഭാഗങ്ങളിൽ ആസ്ബറ്റോസ് ഉപയോഗിച്ചും ചോരാതെ അടച്ചുറപ്പിൽ ഒറ്റ ദിവസം കൊണ്ട് വീടൊരുക്കി നൽകുകയായിരുന്നു. എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി അംഗം ടി വി ദീപു, സിപി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി വി പ്രദീപ്, ബിജു കുയിലംപറമ്പിൽ, ജിനീഷ് ഐരാട്ട്, അവിനാഷ് കെ ആർ, വിന്യാസ് നാട്ടിക, സീമ രാജൻ, സീമ കണ്ണൻ, മാണി നാട്ടിക, മഹേഷ് നയരുശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് വീടൊരുക്കി നൽകിയത്.
കുടുംബത്തിന് നിയമസഹായം നൽകി ഭൂമിയിലെ അർഹതപ്പെട്ടവരുടെ അവകാശം സുധിയുടേയും ഗീതയുടേയും പേരിലേക്ക് മാറ്റി നൽകി സർക്കാർ പദ്ധതികൾ നഷ്ടമാകാതിരിക്കാൻ പരിശ്രമിക്കുമെന്ന് നേതൃത്വം നൽകിയ ബിജോഷ് ആനന്ദൻ പറഞ്ഞു.