മുന്‍ അറ്റോര്‍ണി ജനറൽ സോളി സൊറാബ്ജി അന്തരിച്ചു.

മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി കൊവിഡ് ബാധിച്ച് മരിച്ചു.

ന്യൂഡൽഹി:

ഇന്ത്യയിലെ ഏറ്റവും മികച്ച നിയമജ്ഞരില്‍ ഒരാളും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജി അന്തരിച്ചു.കൊവിഡ് ബാധിച്ച് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

സോളി ജഹാംഗീര്‍ സൊറാബ്ജി 1930 ല്‍ മുംബൈയിലാണ് ജനിച്ചത്.സെന്റ് സേവ്യേഴ്‌സ്‌ കോളേജിലും മുംബൈ ലോ കോളേജിലുമായി പഠനം പൂർത്തിയാക്കി. 1989-90, 1998-2004 കാലഘട്ടത്തില്‍ അറ്റോര്‍ണി ജനറലായിരുന്നു.1953ല്‍ ബോംബെ ഹൈക്കോടതിയിലാണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്.

അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മാനിച്ച് 2002ല്‍ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു.1971 ല്‍ സുപ്രിം കോടതി സീനിയര്‍ കോണ്‍സലായി നിയമിച്ചു. .

ആവിഷ്കാര സ്വാതന്ത്ര്യം, മനുഷ്യാവകാശ വിഷയങ്ങള്‍ എന്നീ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങളും ശക്തമായ നിലപാടുകളും സ്വീകരിച്ചിരുന്നു.1998 മുതല്‍ 2004 വരെ മനുഷ്യാവകാശങ്ങളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായുള്ള യുഎന്‍-സബ് കമ്മീഷന്‍ അംഗവും പിന്നീട് ചെയര്‍മാനുമായി. 2000 മുതല്‍ 2006 വരെ ഹേഗിലെ സ്ഥിരം കോടതി വ്യവഹാരത്തില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പ്രസ് സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍(1976), ദി എമര്‍ജന്‍സി, സെന്‍സര്‍ഷിപ്പ് ആന്റ് പ്രസ് ഇന്‍ ഇന്ത്യ (1975-77) എന്നിവ ഇദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.

Related Posts