മമത ബാനര്‍ജിക്കും സോഷ്യലിസത്തിനും കല്യാണം; ആശംസയുമായി കമ്യൂണിസവും ലെനിനിസവും മാര്‍ക്‌സിസവും.

സേലം:

നാളെ മമത ബാനർജിയുടെയും സോഷ്യലിസത്തിന്റെയും വിവാഹമാണ്. ആശംസകളുമായി എത്തിയിരിക്കുന്നത് കമ്യൂണിസവും ലെനിനിസവും മാര്‍ക്‌സിസവും.

തമിഴ്‌നാട്ടിലെ സേലത്ത് ഞായറാഴ്ച നടക്കാനിരിക്കുന്ന ഒരു കല്യാണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കല്യാണത്തിന് കൗതുകമൊന്നുമില്ല എന്നാൽ വിവാഹിതരാകുന്നവരുടെ പേരുകള്‍ക്ക് കൗതുകമുണ്ട്. സി പി ഐയുടെ സേലം ജില്ലാ സെക്രട്ടറി എ മോഹനന്റെ മകനാണ് സോഷ്യലിസം. കമ്യൂണിസവും ലെനിനിസവും സോഷ്യലിസത്തിന്റെ സഹോദരങ്ങള്‍. ഈ ഞായറാഴ്ച സേലത്തു വച്ചാണ് സോഷ്യലിസത്തിന്റെ വിവാഹം. വധു മമത ബാനര്‍ജി അടുത്ത ബന്ധുവാണ്. മോഹനന്റെ മുത്തച്ഛനും അച്ഛനുമെല്ലാം നാട്ടിലെ അറിയപ്പെടുന്ന കമ്യൂണിസ്റ്റുകാരായിരുന്നു. പതിനെട്ടു വയസു മുതല്‍ സി പി ഐയുടെ സജീവ പ്രവര്‍ത്തകനായ മോഹനന്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീരപാണ്ടി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായിരുന്നു. താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടുള്ള ഇഷ്ടം കൊണ്ടാണ് മക്കള്‍ക്ക് കമ്യൂണിസം, ലെനിനിസം, സോഷ്യലിസം എന്നിങ്ങനെ പേരിട്ടതെന്ന് മോഹനന്‍ പറഞ്ഞു. മോഹനൻ്റെ രണ്ടാമത്തെ മകന്‍ ലെനിനിസത്തിനു കുഞ്ഞുണ്ടായപ്പോള്‍ മാര്‍ക്‌സിസം എന്ന് പേരിട്ടതും അച്ഛന്റെ പാത പിന്തുടര്‍ന്നുതന്നെ.

വധു മമത ബാനർജിയുടെ കുടുംബക്കാർ അടിയുറച്ച കോൺഗ്രസുകാരാണ്. മമത ബാനർജി ബംഗാളിലെ കോൺഗ്രസ്സിൻ്റെ തീപ്പൊരിയായിരുന്ന കാലത്താണ് ഇപ്പോഴത്തെ വധു മമതയുടെ പിറവി. മമതയോടുള്ള ആരാധന മൂത്ത് കുഞ്ഞിന് മമത ബാനർജിയെന്നുതന്നെ പേരും നൽകി. സ്‌കൂള്‍ പഠന കാലത്ത് കൂട്ടുകാര്‍ പേര് വിളിച്ച് കളിയാക്കിയിരുന്നുവെങ്കിലും കോളജില്‍ എത്തിയപ്പോള്‍ ആളുകള്‍ക്ക് ഈ പേരുകളോട് പ്രത്യേക ഇഷ്ടവും ആകര്‍ഷണവുമൊക്കെ തോന്നിത്തുടങ്ങി. മോഹനന്റെ മൂത്ത മകന്‍ കമ്യൂണിസം അഭിഭാഷകനാണ്. ലെനിനിസവും സോഷ്യലിസവും ചേര്‍ന്ന് വെള്ളി ആഭരണശാല നടത്തുന്നു. വീട്ടില്‍ ചെറിയൊരു ചടങ്ങായി ആണ് വിവാഹം. എന്നാല്‍ ക്ഷണക്കത്ത് ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സോഷ്യലിസത്തിന്റെയും മമത ബാനർജിയുടെയും കല്യാണക്കത്ത്‌ വൈറലാവുകയായിരുന്നു.

Related Posts