മലക്കപ്പാറയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് കലക്ടര്‍ എസ് ഷാനവാസ്‌.

മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ സഹായം അടിയന്തരമായി ലഭ്യമാക്കും.

അതിരപ്പിള്ളി:

മലക്കപ്പാറ ട്രൈബല്‍ കോളനിയിലും, ടാറ്റാ എസ്റ്റേറ്റ് ലയങ്ങളിലും കൊവിഡ് രോഗവ്യാപന തോത് കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പറഞ്ഞു.

മലക്കപ്പാറയില്‍ നിന്നുള്ള ചരക്ക് നീക്കം, കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം, രോഗവ്യാപനം തടയല്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് കലക്ടറുടെ പ്രതികരണം.

മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ സഹായം മലക്കപ്പാറയില്‍ അടിയന്തരമായി ലഭ്യമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. 108 ആംബുലന്‍സ് കൊവിഡ് സേവനത്തിനായി ഉപയോഗിക്കും. മറ്റ് മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് വെറ്റിലപ്പാറ പോലിസ് സ്റ്റേഷനിലെ ആംബുലന്‍സ് ഉപയോഗിക്കുവാന്‍ ധാരണയായി.

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ ആളുകളുടെ പോക്കുവരവുകള്‍ നിയന്ത്രിക്കാന്‍ പോലിസുകാരുടെ കൂടുതല്‍ സഹായം ആവശ്യമാണെന്ന് അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ് പറഞ്ഞു. അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ആറ്, ഒന്‍പത് മുതല്‍ 13 വരെയുള്ള വാര്‍ഡുകളിലാണ് രോഗ വ്യാപനം കൂടുതല്‍. കൊവിഡ് പരിശോധനയ്ക്കായി നാല് ടീമുകളെ ഞായറാഴ്ച മലക്കപ്പാറയിലേക്ക് അയയ്ക്കുമെന്നും ഡി എം ഒ പറഞ്ഞു.

582 ടാറ്റ തോട്ടം തൊഴിലാളികള്‍ ലയങ്ങളില്‍ ഇവിടെ താമസിക്കുന്നുണ്ട്. പ്രദേശത്തുള്ള ടാറ്റയുടെ ആശുപത്രി ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ ആയി വിട്ടു നല്‍കിയിട്ടുണ്ട്. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റര്‍, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിജേഷ് , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ ജെ റീന, വെറ്റിലപ്പാറ പി എച്ച് സി ഓഫീസര്‍ ഡോ ആന്റിസ്, അഡീഷണല്‍ റൂറല്‍ എസ് പി കെ പി കുബേരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Posts