മാലിന്യ ശാസ്ത്രീയ സംസ്കരണം ലക്ഷ്യമിട്ട് വടക്കാഞ്ചേരി നഗരസഭ.
വടക്കാഞ്ചേരി:
ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തില്‍ ഊന്നി സുസ്ഥിര വികസനമെന്ന സ്വപ്നത്തിലേക്കുള്ള പാതയില്‍ മുന്നേറുകയാണ് വടക്കാഞ്ചേരി നഗരസഭ. മാലിന്യ സംസ്കരണത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കി വിവിധ പദ്ധതികള്‍ വിജയകരമായി നഗരസഭ നടപ്പാക്കി കഴിഞ്ഞു.
കൊവിഡും പകര്‍ച്ചവ്യാധികളും രൂക്ഷമായ സാഹചര്യത്തില്‍ നിര്‍ണായകമായ മാലിന്യ സംസ്കരണം എന്ന ദൗത്യം ഏറെ ഗൗരവത്തോടെയാണ് വടക്കാഞ്ചേരിയുടെ ഹരിത കര്‍മസേന ഏറ്റെടുത്തിരിക്കുന്നത്.
ജൈവവും അജൈവവുമായ എല്ലാ മാലിന്യങ്ങളും തരം തിരിച്ച് ശേഖരിക്കുന്നതിന് വേസ്റ്റ് ബിന്നുകള്‍ ലഭ്യമാക്കുകയാണ് നഗരസഭ ആദ്യം ചെയ്തത്. ഏറെ ശ്രമകരമായ ശാസ്ത്രീയ തരം തിരിച്ചുള്ള മാലിന്യ ശേഖരണം എളുപ്പമാക്കാന്‍ ഹരിതകര്‍മ സേനക്ക് ഇത് സഹായകരമായി. ഇതിനായി സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് വേസ്റ്റ് ബിന്നുകള്‍ നഗരസഭ ലഭ്യമാക്കി. 2200 രൂപ വില വരുന്ന വേസ്റ്റ് ബിന്‍ 300 രൂപക്ക് ഗുണഭോക്താക്കള്‍ക്ക് നഗരസഭ നല്‍കുന്നുണ്ട്. ബാക്കി തുക സബ്സിഡിയായാണ് വകയിരുത്തുന്നത്. വടക്കാഞ്ചേരി നഗരസഭയുടെ 41 ഡിവിഷനുകള്‍ കേന്ദ്രീകരിച്ചാണ് വേസ്റ്റ് ബിന്‍ വിതരണം ചെയ്യുന്നത്. ഹരിതകര്‍മ്മസേന കൗണ്‍സിലര്‍മാര്‍ വഴി ആവശ്യക്കാരുടെ പട്ടിക തയ്യാറാക്കിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.
ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും മാസം 60 രൂപ ചെലവില്‍ പ്ലാസ്റ്റിക് മലിന്യം ഇവര്‍ ശേഖരിക്കുന്നു. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വൃത്തിയാക്കിയ അജൈവ മാലിന്യം കൃത്യമായ ഇടവേളകളില്‍ സ്വീകരിച്ച് അവ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രത്തില്‍ എത്തിക്കുന്നു. ഇവിടെ മാലിന്യം തരംതിരിച്ച് റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിലേക്ക് അയയ്ക്കുന്നു. തുടര്‍ന്ന് തരംതിരിച്ച മാലിന്യം പുനരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നു.
മാലിന്യ ശേഖരണത്തിന്‍റെ ഒരു യൂണിറ്റ് എന്നത് രണ്ട് ബിന്നുകള്‍ ആണ്. ഒരു പായ്ക്കറ്റ് ഇനോക്കുലം ബിന്നുകള്‍ക്ക് ഒപ്പം നല്‍കും. ബിന്നുകളുടെ ഉപയോഗം നിരീക്ഷിക്കുന്നത് ഹരിതകര്‍മ്മസേന വഴിയാണ്. ഹരിത കര്‍മ്മ സേനയെ മോണിറ്റര്‍ ചെയ്യാന്‍ ഹരിത സഹായ സ്ഥാപനമായ പെലിക്കണ്‍ ഫൗണ്ടേഷന്‍ പ്രതിനിധിയും ഒപ്പമുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് ടാറിങ്ങിനുപയോഗിക്കുന്ന തരത്തില്‍ പൊടിക്കുകയാണ് റിസോഴ്സ് റിക്കവറി ഫെസിലിറ്റി കേന്ദ്രത്തില്‍ നടക്കുന്നത്. ഇത് കൂടാതെ ആവശ്യക്കാര്‍ക്ക് പാഴ് വസ്തുക്കളില്‍ നിന്നും ഉല്‍പന്നങ്ങളുണ്ടാക്കുന്ന ഹരിത സംരംഭങ്ങള്‍ക്കും ഹരിത കര്‍മ്മസേനകള്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്. പ്ലാസ്റ്റിക് വെറും മാലിന്യമായി ഭൂമിക്ക് ഒരു ബാധ്യതയാകാതെ കൃത്യമായി പുനരുപയോഗിക്കാനുള്ള നഗരസഭയുടെ ശ്രമങ്ങള്‍ വിജയകരമായി മുന്നേറുകയാണിവിടെ.