മലയാള സമ്പ്രദായത്തിലുള്ള ശ്രീ ശങ്കര സന്ന്യാസ പരമ്പരയിലേക്ക് ഒരു ആചാര്യൻ കൂടി.
തൃശ്ശൂർ:
മലയാള സമ്പ്രദായത്തിലുള്ള ശ്രീ ശങ്കര സന്ന്യാസ പരമ്പരയിലേക്ക് ഒരു ആചാര്യൻ കൂടി വരികയാണ്. ബ്രഹ്മശ്രീ ഏക്കോട് ശശിധരൻ നമ്പൂതിരി, ശ്രീ ശങ്കരാചാര്യ ശിഷ്യനായ പത്മപാദാചാര്യനാൽ സ്ഥാപിതമായ തൃശ്ശൂർ തെക്കേ മഠത്തിലെ ഇളമുറ സ്വാമിയാരായി സന്ന്യാസദീക്ഷ സ്വീകരിക്കുകയാണ്. ആഷാഢ മാസത്തിൽ വെളുത്ത പക്ഷ ഏകാദശി, ദ്വാദശി ദിനങ്ങളിൽ (ജൂൺ 21, 22 തീയതികളിലായി) തെക്കേ മഠം മൂപ്പിൽ സ്വാമിയാർ ശ്രീ ശ്രീ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി സ്വാമിയാരുടെ പിൻമുറക്കാരനാവുകയാണ് ഏക്കോട് ശശിധരൻ നമ്പൂതിരി.
ഭാരതത്തിലെ തന്നെ ആത്മീയ വിഹായസിൽ ശ്രീ ശങ്കരാചാര്യ സ്വാമികൾക്കുള്ള സ്ഥാനം അദ്വിതീയമാണ്. അത് കൊണ്ട് തന്നെ കേരളാചാരപ്രകാരമുള്ള സന്ന്യാസ പരമ്പരകളിൽ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനവും ശ്രീശങ്കര പരമ്പരയ്ക്ക് തന്നെയാണ്. ആ പരമ്പരയിൽ പുതിയൊരു കണ്ണിയാവുകയാണ് കണ്ണൂർ മയ്യിൽ സ്വദേശിയായ ഏക്കോട് ശശിധരൻ നമ്പൂതിരി.