നീരൊഴുക്ക് സുഗമമാക്കൽ പുരോഗമിക്കുന്നു.
മുല്ലശ്ശേരി കെ എൽ ഡി സി കനാലിലെ തടസ്സങ്ങൾ പരിഹരിക്കും.
മുല്ലശ്ശേരി:
മുല്ലശ്ശേരി കെ എൽ ഡി സി കനാലിലെ നീരൊഴുക്ക് സുഗമമാക്കൽ പ്രവൃത്തി പുരോഗമിക്കുന്നു. കാലവർഷമുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി മുല്ലശ്ശേരി കൂമ്പുള്ളി പാലം മുതൽ ഇടിയഞ്ചിറ റെഗുലേറ്റർ വരെയുള്ള ബണ്ട് റോഡിൻ്റെ ഇരുവശവും ചേർന്ന് ചണ്ടി നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് അധികൃതർ. കെ എൽ ഡി സി യുടെ നേതൃത്വത്തിൽ റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യുന്ന പ്രവൃത്തിയുടെ പ്രവർത്തനോദ്ഘാടനം മുരളി പെരുനെല്ലി എം എൽ എ നിർവ്വഹിച്ചു.
കനാലിൽ കെട്ടിക്കിടക്കുന്ന ചണ്ടി കുളവാഴ പടർപ്പുകൾ വെള്ളത്തിൻ്റെ സുഗമമായ ഒഴുക്കിനെ ബാധിക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് മുരളി പെരുനെല്ലി എം എൽ എയുടെ നിർദ്ദേശപ്രകാരമാണ് ഒഴുക്ക് സുഗമമാക്കുന്നതിന് വേണ്ട പ്രവൃത്തികൾ അടിയന്തരമായി തുടങ്ങുന്നതിന് തീരുമാനമായത്.
ബാർജ് ഘടിപ്പിച്ച് അതിൽ ഹിറ്റാച്ചി ഉപയോഗിച്ചാണ് ചണ്ടികൾ നീക്കം ചെയ്യുന്നത്. കൂമ്പുള്ളിപ്പാലം മുതൽ ഇടിയഞ്ചിറ റെഗുലേറ്റർ വരെ 2 കിലോമീറ്ററോളം സ്ഥലത്താണ് തടസ്സങ്ങൾ നീക്കുന്നത്. കനാലിലെ തടസ്സങ്ങൾ നീക്കുന്നതോടെ തീവ്ര കാലവർഷ സമയങ്ങളിൽ സമീപ പ്രദേശങ്ങളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാനാകും. കൂടാതെ സമീപ പഞ്ചായത്തുകളിൽ നിന്നും പരപ്പുഴ, കടാംതോട്, കോഴിത്തോട് മുതലായ ചെറുതോടുകളിൽ നിന്നും വരുന്ന വെള്ളത്തിൻ്റെ ഒഴുക്കും ഇതോടെ സുഗമമാക്കാനാകും. എളവള്ളി ഗ്രാമപഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയായ ജലനിധിയുടെ സ്രോതസ്സ് നിലകൊള്ളുന്നത് കെ എൽ ഡി സി കനാലിലാണ്. കനാലിലെ ചണ്ടി നീക്കുന്നതോടെ ജലനിധി കുടിവെള്ള പദ്ധതിയും തടസ്സങ്ങളില്ലാതെ കൊണ്ടുപോകാനാകും. കൂടാതെ കനാലിന് ഇരുകരകളിലുമുള്ള പാടശേഖരങ്ങളിലേയ്ക്കും ഇതേ ജലസ്രോതസ്സിനെ പരിപൂർണമായി ആശ്രയിക്കാനാകും.
2018ൽ കേരളത്തിലുണ്ടായ മഹാപ്രളയ സമയത്ത് ഇവിടെ നിന്നും കടലിലേക്ക് വെള്ളം ഒഴുക്ക് കുടിയപ്പോൾ ഇടിയഞ്ചിറ മേഖലയിലെ ജലനിരപ്പ് ഉയർന്നിരുന്നു. ഇപ്പോഴത്തെ പ്രവൃത്തികൾ പ്രളയത്തെ അതിവിക്കുന്നതിനും സമീപ പ്രദേശങ്ങളിലെ ജലനിരപ്പിനെ നിയന്ത്രിക്കുന്നതിനും സഹായകമാകും.
ചടങ്ങിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി വേണു, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷാ സുരേഷ്, കെ എൽ ഡി സി അസിസ്റ്റൻ്റ് എഞ്ചിനീയർ സുനിൽ, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനീത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.