മുള്ളൂർക്കര സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറിയിൽ പോസ്റ്റ് കൊവിഡ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.
മുള്ളൂർക്കര:
മുള്ളൂർക്കര സർക്കാർ ഹോമിയോ ഡിസ്പെന്സറിയിൽ പോസ്റ്റ് കൊവിഡ് ക്ലിനിക് പ്രവർത്തനമാരംഭിച്ചു. കൊവിഡ് 19 രോഗത്തെ അതിജീവിച്ചവരിൽ ഏകദേശം 10 മുതൽ 15 ശതമാനം രോഗികൾക്ക് വിവിധ രോഗലക്ഷണങ്ങൾ ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്നുണ്ട്. ചുമ, ശ്വാസംമുട്ട്, മറ്റ് ശ്വാസകോശ രോഗങ്ങൾ, രക്താതിസമ്മർദം, പ്രമേഹം, മറ്റ് ഹൃദയസംബന്ധിയായ രോഗങ്ങൾ, ഉറക്കക്കുറവ്, മാനസിക അസ്വസ്ഥതകൾ, തലവേദന, ശരീരവേദന, സന്ധിരോഗങ്ങൾ, വിശപ്പില്ലായ്മ, രുചി മണം എന്നിവ നഷ്ടപ്പെടൽ, ദഹന സംബന്ധിയായ രോഗങ്ങൾ, ക്ഷീണം, ജോലിയിലുള്ള താൽപര്യക്കുറവ് എന്നിവയാണ് രോഗികളിൽ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ.
പ്രാരംഭഘട്ടത്തിൽ തന്നെ ഹോമിയോപ്പതി ചികിത്സ സ്വീകരിക്കുന്നതിലൂടെ രോഗകാഠിന്യം കുറയ്ക്കുന്നതിനും ചുരുങ്ങിയ സമയം കൊണ്ട് രോഗമുക്തി നേടുന്നതിനും സാധിക്കും. മുള്ളൂർക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ മേലേടത്ത് ക്ലിനിക് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി സാബിറ മുഖ്യാതിഥിയായ ചടങ്ങിൽ വൈസ് പ്രസിഡണ്ട് ബി കെ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം എ നസീബ, ഷാദിയ അമീർ, കുഞ്ഞി കോയ തങ്ങൾ, ഡോ. സന്തോഷ്മോഹൻ എന്നിവർ പങ്കെടുത്തു.