മഴക്കാല പൂര്‍വ്വ ശുചീകരണം; കുന്നംകുളത്ത് നഗരസഭാ കെട്ടിടങ്ങള്‍ വൃത്തിയാക്കല്‍ ആരംഭിച്ചു.

മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭയുടെ സ്ഥാപനങ്ങളില്‍ വൃത്തിയാക്കല്‍ ആരംഭിച്ചു.

കുന്നംകുളം:

മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ബസ് സ്റ്റാന്റ് കെട്ടിടം കഴുകി വൃത്തിയാക്കി. നഗരസഭയുടെ വിവിധ ഇടങ്ങള്‍ അണുവിമുക്തമാക്കുകയും ചെയ്തു. വരും ദിവസങ്ങളിലും ഇതു തുടരും. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ നഗരസഭ തല ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ നിര്‍വഹിച്ചു.

മഴക്കാല രോഗങ്ങള്‍ വരാതിരിക്കുന്നതിന് വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക, മാലിന്യങ്ങള്‍ കൂട്ടിയിടുന്ന പ്രവണത ഒഴിവാക്കുക തുടങ്ങിയ നടപടികള്‍ കുന്നംകുളം നഗരസഭ പ്രദേശത്തെ ഓരോ വ്യക്തികളും കുടുംബങ്ങളും അനുവര്‍ത്തിക്കേണ്ടതാണെന്നും ഡങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നിവ വരാതിരിക്കുന്നതിന് ഏവരും മുന്‍കരുതലുകളെടുക്കണമെന്നും ചെയര്‍ പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അറിയിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ ചെയര്‍മാനായുള്ള വാര്‍ഡ് തല ശുചിത്വ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഓരോ വാര്‍ഡിലും എല്ലാ ഞായറാഴ്ചയിലും ഡ്രൈഡേ ആചരിക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികളും കിണറുകളില്‍ ക്ലോറിനേഷനും നടന്നു വരുന്നുണ്ട്. നഗരപ്രദേശത്തെ വലിയ കാനകള്‍ ജെ സി ബി ഉപയോഗിച്ചും മറ്റു കാനകള്‍ ശുചിത്വ കമ്മിറ്റികളുടെ നേതൃത്വത്തിലും വൃത്തിയാക്കുന്നുണ്ട്.

വൈസ് ചെയര്‍പേര്‍സണ്‍ സൗമ്യ അനിലന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, സോമശേഖരന്‍, പ്രിയസജീഷ്, ഷെബീര്‍, സെക്രട്ടറി ടി കെ സുജിത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എസ് ലക്ഷ്മണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജഗന്നാഥ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രമിത തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts