മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിൽ ആരോഗ്യ പ്രവർത്തകരുടെ സന്ദർശനം.

ജൂണ്‍ 5, 6 തിയ്യതികളില്‍ ചാവക്കാട് നഗരസഭയിലെ മുഴുവന്‍ വീടുകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തും.

ചാവക്കാട്:

കാലവര്‍ഷാരംഭത്തോടെ കൊതുകുജന്യ രോഗങ്ങള്‍, ജലജന്യരോഗങ്ങള്‍ ഉള്‍പ്പെടെയുളള പകര്‍ച്ച വ്യാധികള്‍ പിടിപെടുന്നതിനുളള സാധ്യത കൂടുതലായതിനാല്‍ കൊതുകിന്‍റെ ഉറവിട നശീകരണം, കിണര്‍ ക്ലോറിനേഷന്‍, ബോധവത്ക്കരണ നോട്ടീസ് വിതരണം എന്നിവ നടത്തുന്നതിനായാണ് ഗൃഹസന്ദർശനം. ചാവക്കാട് നഗരസഭയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ മുനിസിപ്പല്‍തല അവലോകനയോഗത്തിലാണ് തീരുമാനം.

കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെപ്റ്റിക് ടാങ്കിന്‍റെ വെന്‍റ് പൈപ്പിന് കൊതുക് വല കെട്ടുന്ന പ്രവര്‍ത്തനവും അന്നേ ദിവസം നടത്തും. കൂടാതെ ഡ്രൈ ഡേ ആചരണത്തിന്‍റെ ഭാഗമായി നഗരസഭയിലെ ബോധവത്ക്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും മെയ് 30 ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് നഗരസഭാധ്യക്ഷ അറിയിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ സെക്രട്ടറി കെ ബി വിശ്വനാഥൻ, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓരോ വാര്‍ഡുകളിലും നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് യോഗത്തിൽ അവതരിപ്പിച്ചു.

Related Posts