പ്രതിരോധിക്കാം സുരക്ഷിതരാകാം എന്ന സന്ദേശവുമായി കൊവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുളള തയ്യാറാടെപ്പുകളുമായി കുടുംബശ്രീ.
മിഷൻ കൊവിഡ് 2021 കുടുംബശ്രീയുടെ പുതിയ ക്യാമ്പയിന് ജില്ലയിൽ തുടക്കം.
തൃശൂർ:
ക്യാമ്പയിന്റെ ഭാഗമായി ത്രിതല സംഘടനാ സംവിധാനം സജ്ജമാക്കുന്നതിനുളള കൊവിഡ് പ്രതിരോധ ക്യാമ്പയിന്‍ 'മിഷന്‍ കൊവിഡ് 2021'ന് ജില്ലയില്‍ തുടക്കമായി. മിഷന്റെ ഭാഗമായി കുടുംബശ്രീ മിഷൻ തയ്യാറാക്കിയ പ്രചാരണ പോസ്റ്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ വി ജ്യോതിഷ്‌കുമാർ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ ശോഭു നാരായണൻ നന്ദിയും രേഖപ്പെടുത്തി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് കൃത്യമായ അറിവ് കുടുംബശ്രീ അംഗങ്ങളില്‍ സൃഷ്ടിക്കുക, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് കുടുംബശ്രീ സംവിധാനത്തെ പ്രാപ്തമാക്കുക, കുടുംബങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ മനസ്സിലാക്കുന്നതിനും, അത് പരിഹരിക്കുന്നതിന് ആവശ്യമായ കാര്യപ്രാപ്തി കുടുംബശ്രീ അംഗങ്ങളില്‍ ഉണ്ടാക്കി എടുക്കുക, കൊവിഡ് വ്യാപനതോത് കുറയ്ക്കുക, മൂന്നാം തരംഗത്തെ തടയുന്നതിനുളള മുന്നൊരുക്കവും ബോധവത്കരണവും നടത്തുക, സ്വയം സുരക്ഷിതരാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നിവയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.