മുൻ മന്ത്രിയും ജെ എസ്​ എസ് സ്ഥാപക നേതാവുമായ കെ ആർ ഗൗരിയമ്മ അന്തരിച്ചു.

കേരള രാഷ്ട്രീയ ചരിത്രത്തിലെ വിപ്ലവനായിക കെ ആർ ഗൗരിയമ്മ വിടവാങ്ങി.

തിരുവനന്തപുരം:

മുൻ മന്ത്രിയും ജെ എസ്​ എസ് സ്ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായ ​കെ ആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. രാവിലെ 7 മണിക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. രക്​തത്തിലെ അണുബാധയെ തുടർന്ന്​ കരമന പി ആർ എസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനിയും ശ്വാസംമുട്ടലും കാരണമാണ്​ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കോവിഡ്​ ബാധയില്ലെന്ന്​ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.

കേരള രാഷ്​​ട്രീയത്തിലെ സ്​ത്രീ പ്രാതിനിധ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരായിരുന്നു ഗൗരിയമ്മയുടേത്​. കേരളരാഷ്ട്രീയത്തിലെ ചരിത്ര വനിത, വിപ്ലവനായിക. ഇന്ത്യയിൽ തന്നെ കൂടുതൽ കാലം സംസ്​ഥാന മന്ത്രിപദവിയിലിരുന്ന വനിത. കേരള നിയമസഭയിൽ രണ്ടുതവണ ചേർത്തല നിയോജകമണ്ഡലത്തെയും എട്ടുതവണ അരൂർ നിയോജകമണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്​. 10 തവണ നിയമസഭാംഗം. ആറ് സർക്കാരുകളിലായി 16 വർഷം മന്ത്രിയായി. റവന്യൂ, എക്സൈസ്, വ്യവസായം, ഭക്ഷ്യം, കൃഷി തുടങ്ങിയ വകുപ്പുകൾ.

1919 ജൂ​ലൈ 14ന്​ ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് വില്ലേജിൽ കളത്തിപ്പറമ്പിൽ രാമ​​ന്റെയും പാർവതിയമ്മയുടെയും മകളായി ജനിച്ചു. തുറവൂർ തിരുമല ദേവസ്വം സ്​കൂളിലും ചേർത്തല ഇംഗ്ലീഷ് സ്​കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്​, സെൻറ്​ തെരേസാസ്​, തിരുവനന്തപുരം ഗവ. ലോ കോളജ്​ എന്നിവിടങ്ങളിലായിരുന്നു പഠനം പൂർത്തിയാക്കി.

വിദ്യാർഥി രാഷ്​ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഗൗരിയമ്മ 1946ൽ കമ്യൂണിസ്​റ്റ്​ പാർട്ടിയിൽ ചേർന്നു. തൊഴിലാളി-കർഷക പ്രക്ഷോഭങ്ങളിൽ അണിനിരന്നതിന്‍റെ പേരിൽ നിരവധി തവണ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്​.

1948ൽ തിരു-കൊച്ചി നിയമസഭയിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെ​ട്ടെങ്കിലും 1952ൽ തിരു -കൊച്ചി സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കന്നിവിജയം കരസ്ഥമാക്കി. '54ലും ജയം ആവർത്തിച്ചു. കേരള നിയമസഭയിലേക്ക്​ ആദ്യമായി നടന്ന 1957ലെ തെരഞ്ഞെടുപ്പിൽ ചേർത്തലയിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടു. ഇ എം എസ്​ നേതൃത്വം നല്‍കിയ പ്രഥമ കേരള മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായി. അതേ വർഷം തന്നെയായിരുന്നു കമ്യൂണിസ്​റ്റ്​ നേതാവ്​ ടി.വി. തോമസുമായുള്ള വിവാഹം.

1964ൽ കമ്യൂണിസ്​റ്റ്​ പാർട്ടി പിളർന്നപ്പോൾ ഗൗരിയമ്മ സി പി എമ്മിലും ടി വി തോമസ്​ സി പി ഐയിലുമായി. ഇതോടെ ജിവിതത്തിലും ഇരുവരും വേർപിരിഞ്ഞു. 1967ലെ രണ്ടാം ഇ എം എസ്​ മന്ത്രിസഭയിലും 1980ലെ ഒന്നാം നായനാർ മന്ത്രിസഭയിലും 1987ലെ രണ്ടാം മന്ത്രിസഭയിലും അംഗമായിരുന്നു. പാർട്ടിക്കെതിരാത പരാമർശങ്ങളെ തുടർന്ന്​ 1994 ജനുവരിയിൽ സി പി എമ്മിൽ നിന്നും പുറത്താക്കി. തുടർന്ന്​ ജനാധിപത്യ സംരക്ഷണ സമിതി (ജെ എസ്​ എസ്​) എന്ന പാർട്ടിയുണ്ടാക്കി അതി​ന്റെ ജനറൽ സെക്രട്ടറിയായി.

1996ലും 2001ലും യു ഡി എഫ്​ മുന്നണിക്കൊപ്പം ചേർന്ന്​ അരൂരിൽ നിന്ന്​ നിയമസഭയിലെത്തിയ ഗൗരിയമ്മ ആൻറണി മന്ത്രിസഭയിലും ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും അംഗമായി. 2006ലും 2011ലും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. അവസാന കാലത്ത്​ ഇടതുമുന്നണിയുമായി അടുത്തെങ്കിലും അർഹമായ പരിഗണന ലഭിച്ചില്ലെന്ന്​ ഗൗരിയമ്മ പരിഭവിച്ചിരുന്നു. ഗൗരിയമ്മ സ്വന്തം ജീവിതം പറഞ്ഞ 'ആത്​മകഥ'ക്ക്​ 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്​കാരവും ലഭിച്ചിട്ടുണ്ട്.

Related Posts